Bevco Alcohol Price Hike: സംസ്ഥാനത്ത് മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം; ഏതൊക്കെ ബ്രാൻഡുകൾക്ക് വില കൂടും? 107 എണ്ണത്തിന് കുറയും
BEVCO Hikes Liquor Prices in Kerala: 10 രൂപ മുതൽ 50 രൂപ വരെയാണ് മദ്യത്തിന് വില വർധിപ്പിച്ചിരിക്കുന്നത്. 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. ഇതിനു പുറമെ ബിയർ വിലയും കൂടും. ബെവ്കോയുടെ ജനപ്രിയ ബ്രാൻഡായ ജവാന്‍റെയടക്കം വില കൂടുമെന്നാണ് അറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യ വിലയിൽ മാറ്റമുണ്ടാകും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എന്നാൽ ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധനവ് ബാധകമാവുക. എന്ന് അധികൃതർ അറിയിച്ചു. ഇതിൽ ജനപ്രീയ ബ്രാൻഡുകളുടെയെല്ലാം വില വർധിക്കുമെന്നാണ് വിവരം. 10 രൂപ മുതൽ 50 രൂപ വരെയാണ് മദ്യത്തിന് വില വർധിപ്പിച്ചിരിക്കുന്നത്. 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. ഇതിനു പുറമെ ബിയർ വിലയും കൂടും. ബെവ്കോയുടെ ജനപ്രിയ ബ്രാൻഡായ ജവാന്‍റെയടക്കം വില കൂടുമെന്നാണ് അറിയിപ്പ്. അതേസമയം 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും. ഇതിൽ ജനപ്രിയ ബാൻഡുകൾ ഉൾപ്പെടെ ഉണ്ടെന്നാണ് വിവരം. ഇതിനാൽ തന്നെ മദ്യ വിൽപ്പനയിൽ കാര്യമായ കുറവ് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ബെവ്ക്കോ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് മദ്യത്തിന്റെ വില കൂടുമെന്ന് അറിയിച്ചത്. സ്പരിറ്റ് വിലവർദ്ധനയും ആധുനിക വത്ക്കരണവും പരിഗണിച്ച് വില ഉയർത്തണമെന്നായിരുന്നു മദ്യവിതരണ കമ്പനികളുടെ ആവശ്യം. ഇത് പരിഗണിച്ചാണ് ബെവ്ക്കോ ബോർഡ് യോഗം അംഗീകാരം നൽകിയത്. സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. ഇതിൽ 62 കമ്പനികൾ വിതരണം ചെയ്യുന്ന 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്. ഇതിൽ ജനപ്രിയ ബ്രാൻഡായ ജവാന്‍റെ വില 10 രൂപ കൂടും. ഇതോടെ 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും. ഓള്‍ഡ് പോർട്ട് മദ്യത്തിന് 30 രൂപയാണ് കൂടുന്നത്. 750 രൂപയാണ് നിലവിൽ മദ്യത്തിന്റെ വില. അതായത് 700 രൂപ മുതൽ മുകളിലേക്കുള്ള മദ്യത്തിന് 30 മുതൽ 50 വരെ കൂടും. 1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതൽ 1400 രൂപ നൽകേണ്ടി വരും. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിൽക്കുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വിലയാണ് വർധിച്ചിട്ടുള്ളത്.
മദ്യവിതരണ കമ്പനികളും ബെവ്കോയും തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അടിസ്ഥാനമാക്കിയാണ് പൊതുവെ മദ്യവില നിശ്ചയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും മദ്യത്തിന് വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. മുൻപ് മദ്യ കമ്പനികൾക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയപ്പോൾ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. 15 മാസത്തിന് ശേഷമാണ് മദ്യത്തിന് വില കൂട്ടുന്നത്. കമ്പനികളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്തും അവരുമായി കൂടിയാലോചിച്ചുമാണ് ഇപ്പോഴത്തെ പുതിയ വില നിശ്ചയിച്ചിരിക്കുന്നതെന്ന് ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. വിശദമായ പുതിയ വില വിവര പട്ടിക വെയ് ഹൗസുകള്‍ക്കും ഔട്ട് ലെറ്റുകള്‍ക്കും നൽകിയിട്ടുണ്ടെന്ന് ബെവ്ക്കോ എം ഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.
107 ബ്രൻഡുകളുടെ മദ്യത്തിനാണ് വില കുറയുന്നത്. കമ്പനികള്‍ തന്നെ നടത്തിയ മാർക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് വില കുറക്കുന്നത്. അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകള്‍ ബെവ്ക്കോക്ക് നൽകും.