5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bengali Entrepreneur: തൊഴിലാളി നഹി ഇത് അതിഥി മുതലാളി ഹേ! തിരൂരില്‍ ഹോട്ടല്‍ ആരംഭിച്ച് നിര്‍മാണത്തൊഴിലാളി

West Bengal Native's Hotel in Malappuram: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങള്‍ ഇന്ന് അവരുടേത് കൂടിയാണ്. ഇപ്പോഴിതാ കേരളത്തില്‍ സ്വന്തമായി ഹോട്ടല്‍ ആരംഭിച്ച അന്യസംസ്ഥാന തൊഴിലാളിയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. മലപ്പുറം തിരൂരിലാണ് ഈ ഹോട്ടല്‍. പതിനഞ്ച് വര്‍ഷത്തോളം കേരളത്തില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ച് കേരളത്തില്‍ ഹോട്ടല്‍ ആരംഭിച്ച അക്രം ആണ് താരം.

Bengali Entrepreneur: തൊഴിലാളി നഹി ഇത് അതിഥി മുതലാളി ഹേ! തിരൂരില്‍ ഹോട്ടല്‍ ആരംഭിച്ച് നിര്‍മാണത്തൊഴിലാളി
അക്രം Image Credit source: Social Media
shiji-mk
Shiji M K | Published: 30 Dec 2024 22:16 PM

തിരൂര്‍: ആദ്യമായി അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ നാള്‍ ഓര്‍മ്മയില്ലേ. അക്കാലത്ത് വേഷവിധാനം കൊണ്ട് വ്യത്യസ്തരായി നിന്നവരെ ഇന്ന് കണ്ടാല്‍ മനസിലാകില്ല. കേരളവും മലയാളവും അവരെ അത്രമാത്രം മാറ്റി കഴിഞ്ഞു. ജോലി തേടി കേരളത്തിലെത്തിയവര്‍ ഇവിടെ വീടുവെച്ചു, വിവാഹം കഴിച്ചു. ഇപ്പോള്‍ വെറും ബംഗാളികളല്ല അവരെല്ലാം ബംഗാളി മലയാളികളാണ്. മലയാളികളേക്കാള്‍ നന്നായി മലയാളം പറയാനും അവര്‍ക്കറിയാം.

സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങള്‍ ഇന്ന് അവരുടേത് കൂടിയാണ്. ഇപ്പോഴിതാ കേരളത്തില്‍ സ്വന്തമായി ഹോട്ടല്‍ ആരംഭിച്ച അന്യസംസ്ഥാന തൊഴിലാളിയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. മലപ്പുറം തിരൂരിലാണ് ഈ ഹോട്ടല്‍.

പതിനഞ്ച് വര്‍ഷത്തോളം കേരളത്തില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ച് കേരളത്തില്‍ ഹോട്ടല്‍ ആരംഭിച്ച അക്രം ആണ് താരം. പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ സ്വദേശിയാണ് അക്രം. പതിനഞ്ച് വര്‍ഷത്തോളമായി കേരളത്തിലെത്തിയിട്ട്.

തിരൂര്‍ ബസ് സ്റ്റാന്‍ഡ് ചെമ്പ്ര റോഡില്‍ കോട്ട് എ എം യു പി സ്‌കൂളിന് സമീപമാണ് അക്രമിന്റെ ഇമ്രാന്‍ കൊല്‍ക്കത്ത ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായാണ് അക്രം കേരളകരയിലേക്ക് എത്തിയത്. ജോലി ഇല്ലാതിരിക്കുന്ന സമയത്ത് തൊഴിലാളികളുടെ മെസ്സില്‍ ഭക്ഷണം പാകം ചെയ്തുകൊടുക്കും. അങ്ങനെയാണ് തന്റെ നാട്ടുകാര്‍ക്കായി അവരുടേതായ രീതിയില്‍ ഭക്ഷണം ഉണ്ടാക്കി കൊടുക്കണമെന്ന ആശയം അക്രമിന് ഉദിച്ചത്.

കേരളത്തില്‍ വന്ന് ജോലി ചെയ്ത് സ്വരുക്കൂട്ടിയ ഒന്നരലക്ഷത്തോളം രൂപയും കടം വാങ്ങിയ ഒന്നരലക്ഷവുമായി അങ്ങനെ ആകെ മൂന്ന് ലക്ഷം രൂപയാണ് അക്രം ഹോട്ടലിനായി മുടക്കിയത്.

Also Read: Kudumbashree: പുതിയ വൈബിൽ കുടുംബശ്രീ; വ്ളോഗും റീലുമെടുക്കുന്നവർക്ക് വമ്പൻ സമ്മാനം, കൂടുതലറിയാം

ഒന്നരലക്ഷം രൂപ മാത്രം കയ്യിലുണ്ടായിരുന്ന അക്രം ബാക്കി പണം കണ്ടെത്തുന്നതിനായി ഏറെ അലഞ്ഞു. അന്യസംസ്ഥാനക്കാരന്‍ ആയതുകൊണ്ട് തന്നെ പലരും പണം കടം കൊടുക്കാന്‍ മടിച്ചു. ഒടുക്കം തന്റെ പിതാവ് സലാം ആണ് ബംഗാളില്‍ നിന്ന് ബാക്കി തുക കടമെടുത്ത് നല്‍കിയതെന്ന് അക്രം മാതൃഭൂമിയോട് പറഞ്ഞു.

അക്രം മാത്രമല്ല, കടയിലെ തൊഴിലാളികളെല്ലാം തന്നെ ബംഗാളികളാണ്. കട ഉടമയും തൊഴിലാളികളും മാത്രമല്ല ബോര്‍ഡും മെനുവുമൊക്കെ ബംഗാളിയില്‍ തന്നെ. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരോ അതും ബംഗാളികള്‍.

ബംഗാളി ചായ, ബംഗാളി സമൂസ, ബംഗാളി മസാല ബോണ്ട, ബംഗാളി ചിക്കന്‍ ബിരിയാണി, ബംഗാളി ബീഫ് ബിരിയാണി, ബംഗാളി ബീഫ്, ചിക്കന്‍ കറി അങ്ങനെ നിരവധി വിഭവങ്ങളാണ് ഇമ്രാന്‍ ഹോട്ടലില്‍ വിളമ്പുന്നത്. ബസുമതി അരി കൊണ്ട് ഉണ്ടാക്കുന്ന ചിക്കന്‍ ബിരിയാണിക്ക് 100 രൂപയും ബീഫ് ബിരിയാണിക്ക് 120 രൂപയുമാണ് വില.

വൈകാതെ തന്നെ ബംഗാളി പൊറാട്ട തുടങ്ങാനുള്ള പദ്ധതിയിലാണ് താനെന്നാണ് അക്രം പറയുന്നത്. സഹായത്തിനായി ഭാര്യ ഹരീദയും അക്രമിനോടൊപ്പമുണ്ട്. ദിവസേന നൂറ് കണക്കിന് അതിഥിത്തൊഴിലാളികളാണ് ഇമ്രാന്‍ ഹോട്ടലില്‍ വന്നെത്തുന്നത്.