Bar bribery: ബാർകോഴ വിവാദം; മന്ത്രി എംബി രാജേഷിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി.
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർകോഴ ആരോപണത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മന്ത്രി എം ബി രാജേഷിൻ്റെ വീട്ടിലേക്ക് നോട്ടെണ്ണൽ മെഷീനുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എം ബി രാജേഷിൻ്റെ ഔദ്യോഗിക വസതിക്കു മുന്നിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായതായാണ് റിപ്പോർട്ട്. നോട്ടെണ്ണൽ മെഷീൻ റോഡിൽ വച്ച ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരവസാനിപ്പിച്ചു മടങ്ങി.
അതേസമയം, ബാർ കോഴ വിവാദത്തിൽ തന്നെ വലിച്ചിഴക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയാണ് കാണുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇതിനോട് പ്രതികരിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥർ യോഗം ചേരുന്നത് സാധാരണയാണ്. ഇതെല്ലാം മന്ത്രിമാർ അറിയണമെന്നില്ല. യോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഡയറക്ടർ വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ മദ്യ നയവുമായി ബന്ധപ്പെട്ട് മന്ത്രിമാർ യോഗം ചേർന്നിട്ടില്ല. ടൂറിസം ഡയറക്ടർ യോഗം വിളിച്ചത് മന്ത്രി പറഞ്ഞിട്ടല്ല. എല്ലാ കാര്യങ്ങൾക്കും ടൂറിസം ഡയറക്ടർ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
അതിനിടെ ബാർ കോഴ അഴിമതിയിൽ മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ടൂറിസം വകുപ്പ് മെയ് 21ന് നടത്തിയ യോഗത്തിലാണ് മദ്യ നയത്തിൽ ഭേദഗതി വരുത്തണമെന്ന തീരുമാനം എടുത്തത്.
ഇതിന് പിന്നാലെയാണ് ബാർ ഉടമകളുടെ സംഘടന എറണാകുളത്ത് യോഗം ചേർന്ന് പണപ്പിരിവ് നടത്താൻ തീരുമാനിച്ചത്. പണം കിട്ടിയില്ലെങ്കിൽ ഒന്നും നടക്കില്ലെന്നും പുറത്തുവന്ന ശബ്ദരേഖയിൽ വ്യക്തമായി പറയുന്നുണ്ട്. മദ്യ നയ ഭേദഗതി സംബന്ധിച്ച് ആലോചനയേ നടന്നിട്ടില്ലെന്ന് രണ്ടു മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം ഡയറക്ടറുടെ പേരിൽ പ്രസ്താവന ഇറങ്ങിയത്.