5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad landslide issue: വയനാട്ടിലെ ദുരിതബാധിതരോടുള്ള ബാങ്കുകളുടെ ക്രൂരത; ഒടുവിൽ മാപ്പു പറഞ്ഞ് കേരള ഗ്രാമീണ്‍ ബാങ്ക്

Kerala Gramin Bank apologized: ബാങ്കിന്റെ ചൂരൽമല ശാഖയിൽനിന്നു വായ്പ എടുത്തവരിൽ നിന്നാണു പ്രതിമാസ തിരിച്ചടവ് ഈടാക്കിയത് എന്നാണ് വിവരം. പണം പിടിച്ചത് തിരിച്ചറിഞ്ഞതോടെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന 10 പേർ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തി.

Wayanad landslide issue: വയനാട്ടിലെ ദുരിതബാധിതരോടുള്ള ബാങ്കുകളുടെ ക്രൂരത; ഒടുവിൽ മാപ്പു പറഞ്ഞ് കേരള ഗ്രാമീണ്‍ ബാങ്ക്
Wayanad Landslides (PTI Image)
aswathy-balachandran
Aswathy Balachandran | Published: 19 Aug 2024 15:14 PM

കൽപ്പറ്റ: വയനാട് ദുരന്തബാധിതരിൽ നിന്ന് വായ്പാത്തുക പിടിച്ച നടപടി പ്രതിഷേധത്തിനു വഴി വച്ചതോടെ ക്ഷമാപണം നടത്തി കേരള ഗ്രാമീൺ ബാങ്ക്. പല ഭാ​ഗത്തു നിന്നുള്ള പ്രതിഷേധം ശക്തമായതിനേ തുടർന്നാണ് നടപടി. ഈ വിഷയത്തിൽ പരാതിയുമായി പല ഇരുകളും രം​ഗത്തെത്തിയപ്പോൾ ബാങ്കിന് മുന്നിൽ യുവജന പ്രതിഷേധം ആരംഭിച്ചിരുന്നു. ബാങ്ക് ക്ഷമാപണം നടത്തിയതോടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്നും കേരളാ ഗ്രാമീൺ ബാങ്ക് അധികൃതർ അറിയിച്ചു.

ഇനി ബാക്കിയുള്ളവരുടെ പണം ബുധനാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് യുവജനസംഘടനകൾ മുന്നറിയിപ്പ് നൽകിയത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽനിന്നുമാണ് ബാങ്ക് ഇ എം െഎ ഈടാക്കിയത്. വായ്പത്തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിയാണ് വൻ വിവാദത്തിലായത്.

ബാങ്കിന്റെ ചൂരൽമല ശാഖയിൽനിന്നു വായ്പ എടുത്തവരിൽ നിന്നാണു പ്രതിമാസ തിരിച്ചടവ് ഈടാക്കിയത് എന്നാണ് വിവരം. പണം പിടിച്ചത് തിരിച്ചറിഞ്ഞതോടെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന 10 പേർ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തി. ബാങ്കിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിയും കൂടി എത്തിയതോടെ പ്രശ്നം രൂക്ഷമായി. ഉരുൾപൊട്ടൽ നാശം വിതച്ച മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങൾ കണ്ടറിഞ്ഞ് അവർക്കൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി ബാങ്കുകളോട് അഭ്യർഥിച്ചു. പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും, ദുരന്ത സമയത്ത് യാന്ത്രികമായി പെരുമാറരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ – വയനാട് ദുരന്തത്തിന്റെ ഇരകളോട് ബാങ്കുകളുടെ ക്രൂരത; ബാങ്ക് നടപടികളിൽ ഇടപെട്ട് ഭരണകൂടം

ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്നും ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സഹകരണബാങ്കിന്റെ മാതൃകാപരമായ നിലപാട് മറ്റു ബാങ്കുകളും പിന്തുടരണമെന്നും ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന് ചൂരൽമലയിലെ ഗ്രാമീൺ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ വായ്പയാകെ എഴുതിത്തള്ളുക എന്നതാണ് ചെയ്യാൻ കഴിയുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാങ്ക് നടപടികളിൽ ഇടപെട്ട് ഭരണകൂടം

സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെട്ടിരുന്നു. ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് പിടിച്ച തുക തിരികെ നൽകാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ. കൂടിയായ വയനാട് ഡെപ്യൂട്ടി കളക്ടർ ഉത്തരവിറക്കിയത്. ജൂലൈ 30-ന് ശേഷം പിടിച്ച ഇ.എം.ഐ. തുക ഉടൻ തിരികെ നൽകണമെന്നായിരുന്നു നിർദ്ദേശം.
മാനുഷിക പരിഗണന ഇല്ലാതെയുള്ള നടപടി പരക്കെ ആക്ഷേപത്തിന് കാരണമാക്കിയിട്ടുണ്ട്. വായ്പ തിരിച്ചു പിടിച്ച ബാങ്കുകളുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നത്.

ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കൽപ്പറ്റ എം.എൽ.എ. ടി. സിദ്ദിഖ് പ്രതികരിച്ചു. ദുരിതബാധിതരുടെ മുഴുവൻ ബാധ്യതകളും സർക്കാർ ഏറ്റെടുക്കുന്നതിനെ കുറിച്ചു പോലും ചിന്തിക്കേണ്ട സമയമാണിതെന്നും അപ്പോഴാണ് ബാങ്കിന്റെ നടപടിയെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. വായ്പയുടെ പേരിൽ ദുരിതബാധിതർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.