Chalakudy Bank Robbery: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച; ജീവനക്കാരെ ബന്ദികളാക്കി കവർന്നത് 15 ലക്ഷം രൂപ
Bank Robbery at Federal Bank Branch in Chalakudy: ജീവനക്കാരിൽ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കാനായി പോയ നേരത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിൽ ഉണ്ടായിരുന്ന മാനേജരെയും ജീവനക്കാരനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു.

തൃശൂർ: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച. ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്. ബാങ്കിലെ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപയാണ് കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ജീവനക്കാരിൽ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കാനായി പോയ നേരത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിൽ ഉണ്ടായിരുന്ന മാനേജരെയും ജീവനക്കാരനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു.
കൈയിലൊരു കത്തിയുമായി ബാങ്കിനകത്തേക്ക് കയറിയ മോഷ്ടാവ് പണം ഇരിക്കുന്നത് എവിടെയാണെന്ന് ചോദിച്ച ശേഷം അവിടെ ഉണ്ടായിരുന്ന കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടർ തല്ലിപൊളിച്ച് ട്രേയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു എന്ന് ബാങ്ക് ജീവനക്കാരൻ മൊഴി നൽകി. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നതായും സംസാരിച്ച ഭാഷ ഏതാണെന്ന് വ്യക്തമല്ലെന്നും ജീവനക്കാർ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആദ്യ ഘട്ടത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവ് ഹെൽമറ്റും ഗ്ലൗസും ധരിച്ചിരുന്നതിനാൽ ഇയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഇതോടെ വിരലടയാള പരിശോധന ഉൾപ്പടെ നടത്തി തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
ALSO READ: ‘സീനിയേഴ്സിനെ ബഹുമാനിച്ചില്ല’; കണ്ണൂരിൽ പ്ലസ്‍വൺ വിദ്യാർത്ഥിയെ മർദിച്ചു, കൈ ചവിട്ടിയൊടിച്ചു
സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ ചവിട്ടിയൊടിച്ചു
കണ്ണൂർ കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് വിധേയനാക്കി. പ്ലസ് ടു വിദ്യാര്‍ത്ഥികളായ അഞ്ചുപേര്‍ ചേർന്ന് വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും പറഞ്ഞായിരുന്നു മര്‍ദ്ദിച്ചത്.
വിദ്യാർത്ഥിയുടെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. വിദ്യാർത്ഥിയെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്.