Bank Holidays In Kerala: ഹോളി, റംസാൻ; കേരളത്തിൽ ബാങ്ക് അവധി എത്ര ദിവസം? അറിയാം
Bank Holidays In Kerala: ആർബിഐ കണക്ക് പ്രകാരം മാർച്ച് മാസത്തിൽ 14 ദിവസമാണ് ബാങ്ക് അവധിയുള്ളത്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്തെ ബാങ്കുകൾക്ക് ഇന്ന് അവധിയാണ്. അതുപോലെ ഹോളി, റംസാൻ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുമോ? പരിശോധിക്കാം

സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായതിനാൽ മാർച്ച് മാസത്തിൽ ബാങ്കുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ മാർച്ച് മാസത്തിലെ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കണ്ടേത് ആവശ്യമാണ്. പ്രധാനമായും ഹോളി, റംസാൻ പോലുള്ള ആഘോഷങ്ങൾ മാർച്ച് മാസത്തിലാണ്. ഇവ പ്രമാണിച്ച് കേരളത്തിൽ എത്ര ദിവസത്തെ അവധിയുണ്ടെന്ന് പരിശോധിക്കാം.
ആർബിഐ കണക്ക് പ്രകാരം മാർച്ച് മാസത്തിൽ 14 ദിവസമാണ് ബാങ്ക് അവധിയുള്ളത്. കേരളത്തിൽ ശനി, ഞായർ ദിവസങ്ങളൊഴിച്ച് രണ്ട് ദിവസമാണ് ബാങ്ക് അവധി. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ( മാർച്ച് 13) തിരുവനന്തപുരത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. ഈതുൽഫിത്തർ (റമദാൻ) പ്രമാണിച്ച് മാർച്ച് 31ന് കേരളത്തിലെ ബാങ്കുകൾ അവധിയാണ്. മാർച്ച് 30 ഞായറാഴ്ച ആയതിനാൽ തുടർച്ചയായ രണ്ട് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. മാർച്ച് 22, നാലാം ശനിയാഴ്ചയും അവധി.
രാജ്യത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ ഹോളി ഇത്തവണ മാർച്ച് 13, 14 ദിവസങ്ങളിലാണ് അരങ്ങേറുന്നത്. എന്നാൽ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിൽ ബാങ്കുകൾക്ക് പൊതു അവധിയില്ല. കേരളത്തിൽ മാർച്ച് മാസത്തിൽ ഇനി അഞ്ച് ദിവസങ്ങളിലാണ് ബാങ്ക് അവധിവരുന്നത്. ഇതിൽ മാർച്ച് 16, 23, 30 തീയതികൾ ഞായറാഴ്ചയാണ്. മാർച്ച് 22 നാലാം ശനിയാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കില്ല.
ALSO READ: ചിപ്പിയില്ലാതെ എന്ത് പൊങ്കാല! ‘ഇത്തവണ ‘തുടരും; ചിത്രത്തിന് വേണ്ടി സ്പെഷ്യൽ പ്രാർത്ഥന’
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കേളത്തിൽ അവധി ഇല്ലെങ്കിലും രാജ്യത്തെ മറ്റ് ചില സംസ്ഥാനങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല. ഹോളിയുടെ മുഖ്യ ആഘോഷവുമായി ബന്ധപ്പെട്ട് മാർച്ച് 14ന് ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ഒഡീഷ, ചണ്ഡിഗഡ്, സിക്കിം, അസം, രാജസ്ഥാൻ, ജമ്മു & കശ്മീർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, ഗോവ, ബിഹാർ, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാങ്ക് അവധിയായിരിക്കും. മാർച്ച് 15 ഹോളിയുടെ രണ്ടാം ദിവസം ത്രിപുര, ഒഡീഷ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായിട്ടാണ് ബാങ്ക് അവധി പ്രഖ്യാപിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, ബാങ്ക് ക്ലോസിങ് ഓഫ് അക്കൌണ്ട്സ്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് ആന്റ് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേയ്സ് എന്നിവ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ബാങ്കുകളിലെ പൊതു അവധികൾ.