Balaramapuram Child Death: ‘താനുമായി അടുത്ത ബന്ധമുണ്ടെന്നത് തികച്ചും തെറ്റായ ആരോപണം; ബാലരാമപുരത്തെ കുടുംബവുമായി ബന്ധമില്ലെന്ന് ജ്യോതിഷി
Balaramapuram Child Death Case Updates: കുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോതിഷിയുമായോ, അന്ധവിശ്വാസവുമായോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ ആണ് പോലീസ് ദേവീദാസിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ കുടുംബവുമായി ബന്ധമില്ലെന്ന് ജ്യോതിഷി ദേവീദാസ്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ആയിരുന്നു ജ്യോതിഷിയുടെ വെളിപ്പെടുത്തൽ. താൻ ആരുടെയും ആത്മീയ ഗുരു അല്ലെന്നും വെറുമൊരു ജ്യോൽസ്യനാണെന്നും, അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷനിൽ എത്തിയതെന്നും ദേവീദാസ് പറഞ്ഞു. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ദേവീദാസിനെ പോലീസ് വിട്ടയച്ചു. കുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോതിഷിയുമായോ, അന്ധവിശ്വാസവുമായോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ ആണ് പോലീസ് ഇയാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
എന്നാൽ, ജ്യോതിഷിയെ കാണാൻ എത്തിയിരുന്നതായും പണം നൽകിയെന്നും ആണ് കുഞ്ഞിന്റെ അമ്മ ശ്രീതു പൊലീസിന് നൽകിയ മൊഴി. കുഞ്ഞിന്റെ അമ്മാവനായ ഹരികുമാറിനും ഇയാളുമായി ബന്ധമുണ്ടായിരുന്നു എന്നും പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പോലീസ് ജ്യോതിഷിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. എന്നാൽ, കോവിഡ് കാലത്തിന് മുൻപാണ് ഹരികുമാർ തനിക്കൊപ്പം നിന്നതും സഹായിച്ചതുമെന്നും, അതിനുള്ള പ്രതിഫലം താൻ കൊടുത്തെന്നും , അല്ലാതെ ആ കുടുംബവുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ദേവീദാസ് പറഞ്ഞു. താനുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നത് തികച്ചും തെറ്റായ ആരോപണമാണെന്നും ജ്യോതിഷി കൂട്ടിച്ചേർത്തു.
ALSO READ: രണ്ടര വയസുകാരിയുടെ മരണം; അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റില്‍
അതേസമയം, കേസിലെ പ്രതിയായ ഹരികുമാറിനെ നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ചുറ്റും കൂടിയ നാട്ടുകാർ ഹരികുമാറിന് നേരെ അസഭ്യം ചൊരിഞ്ഞു. സംഭവ സ്ഥലത്ത് വലിയ പ്രതിഷേധമാണ് പ്രതിക്കെതിരെ ഉയർന്നത്. വെള്ളിയാഴ്ച രാവിലെയാണ് കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസ് എന്ന ജ്യോതിഷിയെ പോലീസ് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയത്.