5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attukal Pongala: ആറ്റുകാൽ പൊങ്കാല: പലയിടങ്ങളിലും പൊങ്കാലയിടാൻ നിയന്ത്രണം, ഭക്തർക്ക് പ്രത്യേക യാത്രാ സൗകര്യം

Attukal Pongala 2025: ഭക്തർക്കായി പോലീസ്, ഹെൽപ് ലൈൻ നമ്പർ നൽകണമെന്നും എക്സൈസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തണമെന്നും യോ​ഗത്തിൽ സബ് കളക്ടർ നിർദ്ദേശം നൽകി. പൊങ്കാല ദിവസത്തിൽ റോഡിന് ഇരു വശങ്ങളിലും പാർക്കിം​ഗ് നിയന്ത്രിക്കും, റെയിൽവേ കോമ്പൗണ്ടുകളിൽ പൊങ്കാല അടുപ്പുകൾ അനുവദിക്കില്ല.

Attukal Pongala: ആറ്റുകാൽ പൊങ്കാല: പലയിടങ്ങളിലും പൊങ്കാലയിടാൻ നിയന്ത്രണം, ഭക്തർക്ക് പ്രത്യേക യാത്രാ സൗകര്യം
ആറ്റുകാൽ പൊങ്കാലImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 Feb 2025 19:31 PM

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 5 മുതൽ 14 വരെ നടക്കും. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്തു തീർക്കാനുള്ള എല്ലാ ജോലികളും ഫെബ്രുവരി 25നകം തന്നെ പൂർത്തീകരിക്കും. പെട്രോൾ പമ്പ്, ട്രാൻസ്ഫോർമർ എന്നിവയ്‌ക്ക് സമീപം ഭക്തജനങ്ങൾ പൊങ്കാല ഇടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും സബ് കളക്ടർ ആൽഫ്രഡ് ഒവി അറിയിച്ചു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബന്ധപ്പെട്ട് നടന്ന അവലോകന യോ​ഗത്തിലാണ് ഈ തീരുമാനം.

ഭക്തർക്കായി പോലീസ്, ഹെൽപ് ലൈൻ നമ്പർ നൽകണമെന്നും എക്സൈസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തണമെന്നും യോ​ഗത്തിൽ സബ് കളക്ടർ നിർദ്ദേശം നൽകി. പൊങ്കാല ദിവസത്തിൽ റോഡിന് ഇരു വശങ്ങളിലും പാർക്കിം​ഗ് നിയന്ത്രിക്കും, റെയിൽവേ കോമ്പൗണ്ടുകളിൽ പൊങ്കാല അടുപ്പുകൾ അനുവദിക്കില്ല ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം സജീവമായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കോർപ്പറേഷൻ, ഫയർ ആന്റ് റെസ്ക്യൂ എന്നിവരുടെ ഉൾപ്പെടെ 11 ആംബുലൻസുകളാണ് അന്നേദിവസം സജ്ജീകരിച്ചിരിക്കുന്നത്. ഇത്തവണത്തെ കുത്തിയോട്ടത്തിൽ കുട്ടികളാണ് പങ്കെടുക്കുന്നത്. അതിനാൽ അന്നേദിവസം ശിശുരോ​ഗവിദ​ഗ്ധൻ ഉൾപ്പെടെ 24 മണിക്കൂർ മെഡിക്കൽ സംഘം പ്രവർത്തിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

പൊങ്കാലയ്‌ക്ക് ശുചിത്വമിഷന്റെ നേതൃത്വത്തിൽ ‘ഹരിത പൊങ്കാല, പുണ്യ പൊങ്കാല’ ക്യാമ്പയിൻ ശക്തമാക്കും. പൊങ്കാല ദിവസം ഉച്ചഭാഷിണിയുടെ ശബ്ദപരിധി നിശ്ചയിച്ച്, ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോ​ഗസ്ഥർ വേണ്ട നടപടി സ്വീകരിക്കണമെന്നും സബ് കളക്ടർ ആവശ്യപ്പെട്ടു.

കോർപ്പറേഷൻ, വാട്ടർ അതോറിറ്റി, തിരുവനന്തപുരം താലൂക്ക് എന്നിവയുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണത്തിനായി വിവിധ സ്ഥലങ്ങളിൽ വാട്ടർ ടാങ്കുകളും ടാങ്കർ ലോറികളും സജ്ജമാക്കണം. കൂടാതെ ഭക്തർക്കായി ആറ്റുകാൽ ക്ഷേത്ര പരിസരത്ത് 12 സീറ്റുള്ള രണ്ട് ഇ-ടോയ്ലറ്റ് സംവിധാനവും കോർപ്പറേഷൻ സജ്ജമാക്കും.

പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് പ്രത്യേക യാത്രാസൗകര്യം ഒരുക്കും. അതിനായി വേണ്ട നടപടി സ്വീകരിക്കണമെന്ന് കെഎസ്ആർടിസി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.