Asha Workers’ Protest: ‘അമ്പതാം ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും’; സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്
ASHA Workers Escalate Protest: സമരം നടത്തുന്ന ആശാവർക്കർമാരോട് സർക്കാരിന്റെ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു.

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കാൻ ഒരുങ്ങി ആശാ വർക്കേഴ്സ്. ഇതിന്റെ ഭാഗമായി സമരത്തിന്റെ അമ്പതാം ദിവസം തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സമരം നടത്തുന്ന ആശാവർക്കർമാരോട് സർക്കാരിന്റെ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവും നൽകിയില്ലെന്നും ഇവർ പറയുന്നു. ആളുകളെ തിരഞ്ഞുപിടിച്ച് ഓണറേറിയവും ഇൻസെന്റീവും കട്ട് ചെയ്തുവെന്നും സമരസമിതി നേതാവ് എസ് മിനി ആരോപിച്ചു.
അതേസമയം വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന സമരം 47 ആം ദിവസത്തിലേക്ക് കടന്നു. നിരാഹാരം ഒൻപതാം ദിവസത്തിലേക്കും കടന്നു. നിരാഹാര സമരം ആരംഭിച്ചതിനു ശേഷം ഇതുവരെ സമർക്കാരോട് ചർച്ച നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. സമരം തുടരുന്നതിനിടെ യു.ഡി.എഫ് ഭരിക്കുന്ന വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർധിപ്പിച്ചിട്ടുണ്ട്. ചില തദ്ദേശസ്ഥാപനങ്ങളിൽ ബിജെപിയും സമാനമായി വർധന പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:ആശമാരുടെ സമരത്തിൽ പങ്കെടുത്തു, ആലപ്പുഴയിലെ 146 പേരുടെ ഓണറേറിയം തടഞ്ഞ് സർക്കാർ
അതേസമയം സമരത്തിൽ പങ്കെടുത്തുവെന്ന് കാണിച്ച് 146 പേരുടെ ഓണറേറിയം സർക്കാർ തടഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള ആശ വർക്കർമാരുടെ ഫെബ്രുവരി മാസത്തെ ഓണറേറിയമാണ് സർക്കാർ തടഞ്ഞത്. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തതിന് ഒരു മാസത്തെ ഓണറേറിയമാണ് സർക്കാർ തടഞ്ഞത്. ഇവരൊഴിച്ച് ബാക്കിയുള്ളവർക്ക് മുഴുവൻ പണവും നൽകി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ നടപടിക്കെതിരെ ആശമാർ ജില്ലാ പ്രോഗ്രാം മാനേജർക്ക് പരാതി നൽകി.