ASHA Worker’s Protest: സമരം കടുക്കും; ഇന്ന് മുതല്‍ ആശമാരുടെ കൂട്ട ഉപവാസം, വീടുകളിലും പോരാട്ടം തുടരുമെന്ന് പ്രവര്‍ത്തകര്‍
ASHA Worker's Mass Hunger Strike: ജില്ലാ കേന്ദ്രങ്ങള്‍ക്കും പിഎച്ച്‌സികള്‍ക്ക് മുന്നിലും ഇന്ന് ഉപവാസം നടത്തും. സെക്രട്ടേറിയേറ്റിന് മുന്നിലെ ഉപവാസം ഡോ. പി ഗീത രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്യും. കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് ഒരു ലക്ഷം രൂപ കൈമാറിയിരുന്നു.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാരുടെ പോരാട്ടം ശക്തമാകുന്നു. ഇന്ന് മുതല്‍ കൂട്ട ഉപവാസത്തിലേക്ക് കടക്കുകയാണ് സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍. സമര പന്തലിലുള്ള ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശ പ്രവര്‍ത്തകര്‍ അറിയിച്ചു.
ജില്ലാ കേന്ദ്രങ്ങള്‍ക്കും പിഎച്ച്‌സികള്‍ക്ക് മുന്നിലും ഇന്ന് ഉപവാസം നടത്തും. സെക്രട്ടേറിയേറ്റിന് മുന്നിലെ ഉപവാസം ഡോ. പി ഗീത രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്യും. കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് ഒരു ലക്ഷം രൂപ കൈമാറിയിരുന്നു.
മൂന്ന് പേര്‍ വീതമാണ് നിലവില്‍ സമര പന്തലില്‍ ഉപവാസം ഇരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായാണ് ബാക്കിയുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായാണ് ആശമാര്‍ സെക്രട്ടറേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. നാല്‍പത്തിമൂന്നാം ദിവസത്തിലേക്കാണ് സമരം കടന്നിരിക്കുന്നത്.




മൂന്ന് ഘട്ടങ്ങളിലായി ആശമാര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. അഞ്ചാം ദിവസത്തിലേക്കാണ് നിരാഹാര സമരം കടന്നത്. നിരാഹാരം ഇരുന്നിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതേസമയം, സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ ആദ്യ പരിഗണിക്കുന്നത് ആശമാരുടെ വിഷമായിരിക്കുമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. നിശ്ചയിച്ച കാര്യങ്ങള്‍ കൃത്യമായി നടത്തുന്നതിനാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. സാമ്പത്തിക സഹായം നല്‍കാനുള്ള ആരെയും മാറ്റി നിര്‍ത്തി പുതിയത് ഏറ്റെടുക്കാനുള്ള സാമ്പത്തിക സ്ഥിതി സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സമരം ചെയ്യുന്ന ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിഎം സുധീരന്‍, അടൂര്‍ പ്രകാശ് എംപി, എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംപി ജോസഫ്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെപി ഹരിദാസ്, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഫായിസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂര്‍, എക്‌സ് സര്‍വീസ് മെന്‍ കോഓര്‍ഡിനേഷന്‍ ഭാരവാഹികളായ ശ്രീകുമാര്‍, സുനില്‍കുമാര്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ സജി ജോസ്, ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.