ASHA Workers Protest: ആശ്വാസം; ആശമാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരണ തദ്ദേശ സ്ഥാപനങ്ങള്‍
ASHA Workers Protest Updates: തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍, പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ എന്നീ പഞ്ചായത്തുകളും അധിക ധനസഹായം നല്‍കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തനത് ഫണ്ടില്‍ നിന്നും പണം കണ്ടെത്താനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല.

തിരുവനന്തപുരം: ആശ പ്രവര്‍ത്തകര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. കണ്ണൂര്‍ കോര്‍പറേഷനും ആറ് നഗരസഭകളും പാലക്കാട് എലപ്പുള്ളി ഗ്രാമപഞ്ചായത്തും ആശ പ്രവര്‍ത്തകര്‍ക്ക് ബജറ്റില്‍ തുക വകയിരുത്തി. പ്രതിമാസം 7,000 രൂപ അധികം നല്‍കാന്‍ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചു.
തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍, പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ എന്നീ പഞ്ചായത്തുകളും അധിക ധനസഹായം നല്‍കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തനത് ഫണ്ടില്‍ നിന്നും പണം കണ്ടെത്താനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് അധിക വേതനം പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തെത്തിയത്.
ആശ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 2,000 രൂപ അധിക വേതനം നല്‍കണമെന്നാണ് യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തീരുമാനമുണ്ടായത്. കോര്‍പ്പറേഷന്റെ വാര്‍ഷിക ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്താനാണ് തീരുമാനം.




128 ആശമാരാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്. പ്രതിവര്‍ഷം മൂന്ന് കോടി എഴുപത്തിരണ്ടായിരം രൂപയാണ് ഇവര്‍ക്ക് അധിക വേതനം നല്‍കേണ്ടി വരിക. എലപ്പുള്ളി പഞ്ചായത്തില്‍ 1000 രൂപയാണ് ആശമാര്‍ക്ക് അധിക വേതനം നല്‍കാന്‍ തീരുമാനിച്ചത്. ഇവിടെ 33 ആശമാരാണുള്ളത്. 396 ലക്ഷം രൂപയാണ് അധിക വേതനം നല്‍കാന്‍ പഞ്ചായത്തിന് വേണ്ടി വരിക.
കോട്ടയം നഗരസഭയിലെ ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപയാണ് ധനസഹായം നല്‍കുക. മണ്ണാര്‍ക്കാട് നഗരസഭ 2,100 രൂപയും പരുമ്പാവൂര്‍ നഗരസഭയില്‍ പ്രതിമാസം 2000 രൂപയും അധിക ഓണറേറിയം നല്‍കും. പെരുമ്പാവൂര്‍ നഗരസഭയില്‍ ആകെ 27 ആശ പ്രവര്‍ത്തകരാണ് ഉള്ളത്. മരട് നഗരസഭയും ആശമാര്‍ക്ക് 2000 രൂപ പ്രതിമാസം അധിക ഓണറേറിയം പ്രഖ്യാപിച്ചിട്ടുണ്ട്.