Asha Workers’ Protest: ഇത്തവണത്തെ വിഷുക്കണി സമരപന്തലിൽ; ആശമാരുടെ പോരാട്ടം 65ാം ദിവസത്തിലേക്ക്
Asha Workers' Protest: 7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആറ് ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്.

സമരപന്തലിൽ വിഷുക്കണി ഒരുക്കി ആശപ്രവർത്തകർ. സംഘനകളും വ്യക്തികളും ആശപ്രവർത്തകർക്ക് കൈനീട്ടം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശമാർ ഇന്ന് സമരവേദിയിൽ എത്തുമെന്നാണ് സമരം ചെയ്യുന്ന ആശപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. വിഷുദിനത്തിൽ സമരം ചെയ്യുന്നവർക്ക് ആഹാരം എത്തിച്ച് നൽകാമെന്നും ചില സംഘടനകൾ അറിയിച്ചിട്ടുണ്ട്.
ജീവിതം അല്ലലില്ലാതെ മുന്നോട്ട് പോകുന്നതിന് ന്യായമായ വേതനം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് വിഷു കണി ഒരുക്കിയതെന്ന് ആശ പ്രവർത്തകർ പറഞ്ഞു. ഞങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വന്നതു കൊണ്ട് തെരുവിലാണ് ഈ വർഷം വിഷു ആഘോഷിക്കുന്നത്. ഇനിയെങ്കിലും മന്ത്രി കണ്ണു തുറന്ന് ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആശമാരിലൊരാൾ പ്രതികരിച്ചു.
ALSO READ: ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്ന വിളംബരമാവട്ടെ ഈ വിഷു; മുഖ്യമന്ത്രിയുടെ ആശംസ
സമരം ശക്തമാക്കാൻ തന്നെയാണ് ആശമാരുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു. വേതന വർധനവ് ആവശ്യപ്പെട്ട് കൊണ്ടുള്ള ആശമാരുടെ പോരാട്ടം 65ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആറ് ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്. ഇതിനിടെ വേതനത്തിന്റെ കുടിശ്ശിക തീർക്കാൻ സർക്കാർ തയ്യാറായി. തുടർന്ന് ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് മാനദണ്ഡങ്ങളും ഒഴിവാക്കി. എന്നാലും വേതനം വർധിപ്പിക്കുക പോലുള്ള പ്രധാന ആവശ്യങ്ങളിൽ നിന്ന് സർക്കാർ ഇപ്പോഴും മുഖം തിരിക്കുകയാണ്.