Asha Workers’ protest: ‘ആശയറ്റ്’ ആശാപ്രവർത്തകർ; ആരോഗ്യ മന്ത്രി വീണ ജോർജ് ഡൽഹിയിലേക്ക്
Asha Workers' protest: കഴിഞ്ഞ തവണ ഡൽഹിയിലെത്തിയപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല. തുടർന്ന് രണ്ട് നിവേദനങ്ങൾ ജെ പി നദ്ദയുടെ ഓഫീസിലേക്ക് നൽകിയിരുന്നു. ആശമാരുടെ ഇൻസെൻ്റീവ് വർധിപ്പിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യത്തെ നിവേദനം.

വേതന വർധവ് ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം തുടരുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലെത്തും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തവണ ഡൽഹിയിലെത്തിയപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല. തുടർന്ന് രണ്ട് നിവേദനങ്ങൾ ജെ പി നദ്ദയുടെ ഓഫീസിലേക്ക് നൽകിയിരുന്നു. ആശമാരുടെ ഇൻസെൻ്റീവ് വർധിപ്പിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യത്തെ നിവേദനം. കൂടാതെ 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, കാസർകോടും വയനാടും മെഡിക്കൽ കോളേജിന് സഹായം നൽകണം, എയിംസ് അനുവദിക്കണം തുടങ്ങിയവ ഉന്നയിച്ച് മറ്റൊരു നിവേദനവും നൽകിയിരുന്നു.
അതേസമയം, 51-ാം ദിവസം പിന്നിടുമ്പോൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് ആശാ പ്രവർത്തകർ. കഴിഞ്ഞ ദിവസം, സമരത്തോട് മുഖം തിരിക്കുന്ന സർക്കാർ നടപടിക്കെതിരെ നൂറ് കണക്കിന് ആശമാർ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധം അറിയിച്ചിരുന്നു. 7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങി ആകെ ആറ് ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10-നാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്.
സമരത്തിന്റെ 18ാം ദിവസം കുടിശ്ശിക തീർക്കാൻ സർക്കാർ തയ്യാറായി. തുടർന്ന് ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് മാനദണ്ഡങ്ങളും ഒഴിവാക്കി. എന്നാലും വേതനം വർധിപ്പിക്കുക പോലുള്ള പ്രധാന ആവശ്യങ്ങളിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.