Asha Workers’ Protest: ആശമാരുടെ സമരം 67-ാം ദിവസത്തിലേക്ക്; പ്രതിപക്ഷ നേതാവ് ഇന്ന് സമരപന്തലിൽ
Asha Workers' Protest: സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹകരിക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെങ്കിലും അവരുമായി യോജിച്ച് പ്രവർത്തിക്കില്ലെന്നാണ് കേരള ആശാ ഹെൽത്ത് അസോസിയേഷന്റെ തീരുമാനം. അതിനാൽ സ്വന്തം നിലയ്ക്കുള്ള സമരപരിപാടികളായിരിക്കും യുഡിഎഫ് ആലോചിക്കുക.

തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 67-ാം ദിവസത്തിലേക്ക്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രവർത്തകർ. വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും അവർ പറയുന്നു.
അതേസമയം ആശാ പ്രവർത്തകരുടെ സമരത്തിൽ കൂടുതൽ ഇടപെടൽ നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് സമരപന്തലിൽ സന്ദർശിക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹകരിക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെങ്കിലും അവരുമായി യോജിച്ച് പ്രവർത്തിക്കില്ലെന്നാണ് കേരള ആശാ ഹെൽത്ത് അസോസിയേഷന്റെ തീരുമാനം. അതിനാൽ സ്വന്തം നിലയ്ക്കുള്ള സമരപരിപാടികളായിരിക്കും യുഡിഎഫ് ആലോചിക്കുക.
ചർച്ചയിലൂടെ ആശമാരുടെ സമരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്ന് മാസ കാലാവധിയോടെ സമിതിയെ നിയോഗിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ ആശാപ്രവർത്തകർക്ക് ഇതിനോട് യോജിപ്പില്ല. ഓണറേറിയത്തിൽ മൂവായിരം രൂപയെങ്കിലും വർധിപ്പിക്കണമെന്നും മറ്റ് ആവശ്യങ്ങൾ സമിതിക്ക് വിടാമെന്നുമാണ് സമരസമിതിയുടെ നിലപാട്. സമരം ഇത്രയും ദിവസം പിന്നിട്ടിടും പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. സമരം അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.