Suresh Gopi: ‘കുട മാത്രമാണോ ഉമ്മ കൂടി കൊടുത്തോ സുരേഷ് ഗോപി?’; ആശാവര്‍ക്കര്‍മാര്‍ക്ക് സിഐടിയുവിന്റെ അധിക്ഷേപം
Asha Workers Protest: കുട കൊടുക്കുന്നതിന് പകരം ഓണറേറിയം നല്‍കാന്‍ സുരേഷ് ഗോപിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാമായിരുന്നല്ലോ എന്നും ഗോപിനാഥ് ചോദിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധ മാര്‍ച്ചിലാണ് ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്.

കൊച്ചി: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കാര്‍മാരെ അധിക്ഷേപിച്ച് സിഐടിയു. ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെടുത്തിയാണ് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു ഇനി ഉമ്മയും കൂടി കൊടുത്തോ എന്നറിയില്ല എന്നായിരുന്നു ഗോപിനാഥിന്റെ പരിഹാസം.
കുട കൊടുക്കുന്നതിന് പകരം ഓണറേറിയം നല്‍കാന്‍ സുരേഷ് ഗോപിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാമായിരുന്നല്ലോ എന്നും ഗോപിനാഥ് ചോദിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധ മാര്‍ച്ചിലാണ് ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്.
ലേബര്‍ കോഡ് കൊണ്ടുവന്ന 12 മണിക്കൂര്‍ ജോലിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് പാര്‍ട്ടിയല്ല. അത് ബിജെപി ഗവണ്‍മെന്റാണ്. എന്നാല്‍ ആരാണിവിടെ സമരത്തിന് വന്നിരിക്കുന്നത്. സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തിലേക്ക് വരുന്നു എല്ലാവര്‍ക്കും കുട കൊടുക്കുന്നു. ഇനി ഉമ്മയും കൊടുത്തോ എന്ന കാര്യം അറിയില്ല.




നേരത്തെ ഇങ്ങനെ ഉമ്മയെല്ലാം കൊടുക്കുന്ന പതിവുണ്ടായിരുന്നു. പിന്നീട് ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടെ ഉമ്മ കൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രി കുടയാണ് കൊടുക്കുന്നത്. കുട കൊടുക്കുന്നതിന് പകരം ഓണറേറിയത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടികൊണ്ടുക്കേണ്ടേ. ഒരു ഓഫറുമായിട്ടല്ലേ സമര പന്തലിലേക്ക് വരേണ്ടതെന്നും ഗോപിനാഥന്‍ ചോദിച്ചു.
അതേസമയം, ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ പരിഹസിച്ച് കൊണ്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു നേതാവ് കൂടിയായ എളമരം കരീമും നേരത്തെ രംഗത്തെത്തിയിരുന്നു. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമ ശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായി എന്നുമാണ് എളമരം കരീം പറഞ്ഞത്.