5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asha Workers Protest: ‘അധികമായി 120 കോടി നൽകി’; ആശാവർക്കർമാരുടെ ശമ്പളം കൊടുക്കാത്തത് സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടെന്ന് കേന്ദ്രം

Central Government Asha Workers Protest: ആശാവർക്കർമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്രം. സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേട് കാരണമാണ് ആശാവർക്കർമാരുടെ ശമ്പളം കുടിശ്ശികയായതെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി.

Asha Workers Protest: ‘അധികമായി 120 കോടി നൽകി’; ആശാവർക്കർമാരുടെ ശമ്പളം കൊടുക്കാത്തത് സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടെന്ന് കേന്ദ്രം
ആശാവർക്കർമാരുടെ സമരംImage Credit source: Social Media
abdul-basith
Abdul Basith | Published: 05 Mar 2025 06:36 AM

ആശാവർക്കർമാരുടെ ശമ്പളം കൊടുക്കാത്തത് സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടെന്ന് കേന്ദ്രം. ആശാവർക്കാർക്ക് ശമ്പളം നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് 938.80 കോടി രൂപ നൽകിയിരുന്നു. ബജറ്റിൽ വകയിരുത്തിയതിനെക്കാൾ 120 കോടി രൂപയാണ് കേരളത്തിന് അധികം നൽകിയത്. എന്നിട്ടും ആശാവർക്കർമാർക്ക് ശമ്പളം നൽകാൻ കഴിയാത്തത് സംസ്ഥാന സർക്കാരിൻ്റെ കഴിവില്ലായ്മയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. വാർത്താകുറിപ്പിലൂടെയാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ വിമർശനം.

സംസ്ഥാനത്തിൻ്റെ ഭരണപരാജയം കാരണമാണ് ഇവർക്ക് ശമ്പളവും കുടിശ്ശികയും നൽകാൻ കഴിയാത്തതെന്ന് കേന്ദ്രം പറയുന്നു. സംസ്ഥാന സർക്കാരിൻ്റെ കഴിവില്ലായ്മയും പിടിപ്പുകേടും കാരണമാണ് ശമ്പള കുടിശ്ശിക ഉണ്ടായത്. പിണറായി വിജയൻ്റെ എൽഡിഎഫ് സർക്കാർ ആശ- അംഗന്‍വാടി വര്‍ക്കര്‍മാരോട് ഉദാസീനത കാണിക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ പരാജയം മറച്ചുവെക്കാനാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത്. സ്വയം തിരുത്തേണ്ടതിന് പകരം സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിക്കുന്നത് നിർഭാഗ്യകരമാണ് എന്നും കേന്ദ്രം പറയുന്നു.

നേരത്തെ, ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ വാർത്താ കുറിപ്പ്.

Also Read: Asha Workers: ഒരാൾക്ക് മൂവായിരം പേർ! നടക്കണം, കുന്നുകയറണം പണി പലതുണ്ട്; ആശയാകുന്നതത്ര എളുപ്പമല്ല

ആശാവർക്കർമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 24 ദിവസം പൂർത്തിയാവുകയാണ്. വിവിധ ജില്ലകളിൽ നിന്ന് എത്തിയ ആയിരത്തിലധികം സമരക്കാരുമായി ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തിയിരുന്നു. ഈ മാസം മൂന്നിനായിരുന്നു മാർച്ച്. ഇവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തി.

ഫെബ്രുവരി 10നാണ് വേതന വർധനവ് ആവശ്യപ്പെട്ട് ആശാവർക്കർമാർ സമരം ആരംഭിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു സമരം. ഇതിനിടെ ജനുവരി മാസത്തെ അവരുടെ ഓണറേറിയം സർക്കാർ വിതരണം ചെയ്തെങ്കിലും തുക വർധിപ്പിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാവർക്കർമാരുടെ സമരം തുടരുകയാണ്. ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷവും ആരോഗ്യമന്ത്രി വീണാ ജോർജും തമ്മിൽ ചൂടുപിടിച്ച ചർച്ച നടന്നിരുന്നു.