Asha Sharath: ‘പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം; ഞാന്‍ വാങ്ങിക്കാറില്ല’; ആശ ശരത്ത്
Asha Sharath Kerala Kalostavam : പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോ കലാകാരിയുടെയും മൂല്യം അവർ തീരുമാനിക്കുന്നതാണല്ലോ എന്നും താരം പറഞ്ഞു.
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിന് വേണ്ടി നൃത്തം പഠിപ്പിക്കാൻ നടി പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. താൻ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികൾക്ക് നൃത്തം ചിട്ടപ്പെടുത്തിയതെന്നും എല്ലാം സ്വന്തം ചെെലവിലായിരുന്നുവെന്നും താരം പറഞ്ഞു. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോ കലാകാരിയുടെയും മൂല്യം അവർ തീരുമാനിക്കുന്നതാണല്ലോ എന്നും താരം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ആശ ശരത്തിന്‍റെ പ്രതികരണം. കഴിഞ്ഞ കലോത്സവത്തിന് കുട്ടികൾകൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും കലോത്സവത്തിലൂടെ വളർന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണ് എന്നും താരം കൂട്ടിച്ചേർത്തു. ഇത്തവണയും കലോത്സവത്തിനു എത്താൻ ആഗ്രഹം ഉണ്ടെന്നും ആശ ശരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്‍റെ സമാപന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു പ്രമുഖ നടിക്കെതിരെ ആരോപണവുമായി മന്ത്രി രംഗത്ത് എത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികവിലൂടെ സിനിമയിലെത്തി, ചലച്ചിത്ര മേഖലയിൽ സജീവമായ നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി 10 മിനിറ്റ് ദെെർഘ്യം വരുന്ന നൃത്തം പഠിപ്പിക്കാമോ എന്ന് ഒരു നടിയോട് ചോദിച്ചു . 16,000 കുട്ടികളായിരിക്കും അവതരണ ഗാനത്തിനായി വേദിയിലെത്തുക. പ്രമുഖ നടി സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുവെന്നും പക്ഷേ പ്രതിഫലമായി ചോദിച്ചത് 5 ലക്ഷം രൂപയാണെന്നും മന്ത്രി പറഞ്ഞു.
ഈ സംഭവം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും പണം നൽകി കുട്ടികളെ അവതരണഗാനത്തിനുള്ള നൃത്തം പഠിപ്പിക്കേണ്ട എന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക മോഹമില്ലാത്ത നിരവധി അധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളത്. അവതരണ ഗാനത്തിനുള്ള നൃത്തം അവരെ ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയുടെ രീതിയെ വിമർശിച്ചു.