No Meter No Payment: ഓട്ടോകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര; സ്റ്റിക്കർ പതിപ്പിക്കാനുള്ള ഉത്തരവ് പിൻവലിക്കും
Kerala Auto Rickshaw No Meter No Payment: മാർച്ച് ഒന്നു മുതലാണ് 'മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, മിക്ക ഓട്ടോകളിലും ഈ സ്റ്റിക്കർ പതിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. സർക്കാരിൻ്റെ ഉത്തരവിനെതിരെ ഓട്ടോ തൊഴിലാളികൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.

ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര ചെയ്യാം എന്നുള്ള സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കും. ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവാണ് പിൻവലിക്കുക. ഓട്ടോത്തൊഴിലാളികളും ഗതാഗത മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കൂടാതെ സംയുക്ത തൊഴിലാളി യൂണിയൻ ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കും പിൻവലിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മാർച്ച് ഒന്നു മുതലാണ് ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, മിക്ക ഓട്ടോകളിലും ഈ സ്റ്റിക്കർ പതിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. സർക്കാരിൻ്റെ ഉത്തരവിനെതിരെ ഓട്ടോ തൊഴിലാളികൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിന്റെ ഭാഗമായിട്ട് സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്കും പ്രഖ്യാപിച്ചിരുന്നു.
ഓട്ടോറിക്ഷകളിലെ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ ‘യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിനു പുറകിലായി ഒട്ടിക്കണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ആല്ലെങ്കിൽ ഈ സ്റ്റിക്കർ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിർദേശം.
ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നതിന്റെ പേരിൽ സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരും പതിവായി സംഘർഷത്തിൽ ഏർപ്പെടാറുണ്ടെന്നത് അടിസ്ഥാനമാക്കിയായിരുന്നു തീരുമാനം. ജനുവരി 24ന് ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. മാർച്ച് ഒന്ന് മുതൽ സ്റ്റിക്കർ പതിച്ചില്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടുമെന്നായിരുന്നു ഉത്തരവ്.