ആര്യ രാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ ഡ്രൈവര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞ് കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കന്റോണ്‍മെന്റ് എസ്എച്ച്ഒ കേസെടുത്തിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ബസ് ഡ്രൈവര്‍ പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടിരിക്കുന്നത്. മെയ് 9ന് തിരുവനന്തപുരം കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങിലാണ് കേസ് പരിഗണിക്കുന്നത്.
ആര്യ രാജേന്ദ്രന്‍, ഡി എന്‍ സച്ചിന്‍ദേവ്, അരവിന്ദ്, കണ്ടാലറിയുന്ന രണ്ട് പേര്‍ക്കുമെതിരെയാണ് നേമം സ്വദേശി എല്‍ എച്ച് യദു പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 27ന് കെഎസ്ആര്‍ടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഏപ്രില്‍ 27ന് രാത്രി പത്തരയ്ക്ക് കന്റോണ്‍മെന്റ് എസ്എച്ച്ഒക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുന്‍ഭാഗത്തുള്ള ക്യാമറകള്‍ പരിശോധിച്ചാല്‍ നടന്നത് ബോധ്യമാവും. എന്നാല്‍ അന്വേഷണമൊന്നും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദുവിന്റെ പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, കെ എസ്ആ ര്‍ ടി സി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കിയിരുന്നു. കെ എസ്ആര്‍ ടി സി ഡ്രൈവര്‍ യദുവിനെ പിരിച്ചു വിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്.
കൗണ്‍സില്‍ യോഗത്തില്‍ ബി ജെ പി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. ഡ്രൈവറെ പിരിച്ചുവിടാന്‍ പ്രമേയം പാസാക്കണമെന്ന് സി പി എം അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സി പി എം അംഗം ഡോ. ആര്‍ അനില്‍ പ്രമേയം അവതരിപ്പിച്ചു. വാക്കാലുള്ള പ്രമേയം തുടര്‍ന്ന് പാസാക്കുകയായിരുന്നു.
ഈ വിഷയത്തില്‍ സിപിഎം ബി ജെ പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും മേയര്‍ക്കെതിരേ പരാമര്‍ശം ഉയരുകയും ചെയ്തു. മേയര്‍ തന്റെ പദവി ദുരുപയോഗം ചെയ്താണ് ബസ് തടഞ്ഞതെന്നുള്ള വാദത്തില്‍ ബി ജെ പി അംഗം അനില്‍ കുമാര്‍ ഉറച്ചു നിന്നു. ജനങ്ങളുടെ ആത്മാഭിമാനത്തെയാണ് മേയര്‍ മുറിവേല്‍പ്പിച്ചതെന്നും സമൂഹത്തോട് അവര്‍ മാപ്പു പറയണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ബി ജെ പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയും ചെയ്തു. മേയര്‍ നഗരസഭക്ക് അപമാനമാണെന്നും രാജി വെക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. യദു ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കുമെന്നും ബി ജെ പി അംഗങ്ങള്‍ വ്യക്തമാക്കി.
ഒരു സ്ത്രീയെന്ന നിലയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വസ്തുത അറിയാന്‍ ഒന്നു ഫോണ്‍ പോലും പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചിട്ടില്ല ആര്യ രാജേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, മേയര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇതിന് മറുപടി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിച്ച പ്രതിയെ ന്യായീകരിക്കുന്നതിന് ഉളുപ്പില്ലേ എന്നും പ്രതിപക്ഷത്തോട് സിപിഎം പ്രതിനിധികള്‍ ചോദിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിനിടെ ബി ജെ പി കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ വിതുമ്പി കൊണ്ടാണ് മേയര്‍ തനിക്കു പറയാനുള്ള മറുപടി നല്‍കിയത്.
താന്‍ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നേരിടുന്നതെന്നും ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ വ്യക്തമാക്കി. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചതെന്നും നിയമ നടപടി തുടരുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
സത്യാവസ്ഥ പുറത്തു വരും. പ്രതികരിക്കുന്നതിന് മുമ്പേ മന്ത്രിയെയും പോലീസിനെയും അറിയിച്ചുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ മറുപടിയായി കൂട്ടച്ചേര്‍ത്തു.