Sabarimala: ശബരിമല മേൽശാന്തിയായി അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു
Sabarimala Head Priest: അടുത്ത ഒരു വർഷം ശബരിമലയിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുൺ കുമാർ നമ്പൂതിരിയായിരിക്കും. നവംബർ 15ന് അരുൺ കുമാർ നമ്പൂതിരി മേൽശാന്തിയായി ചുമതലയേൽക്കും.

ശബരിമല (Image Credits: Socialmedia)
പത്തനംതിട്ട: ശബരിമല മേൽശാന്തി ആയി എസ്. അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺ കുമാർ നമ്പൂതിരി. ആറ്റുകാൽ മുൻ മേൽശാന്തിയായിരുന്നു അദ്ദേഹം. പതിനാറാമതായാണ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത ഒരു വർഷം ശബരിമലയിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുൺ കുമാർ നമ്പൂതിരിയായിരിക്കും. നവംബർ 15ന് അരുൺ കുമാർ നമ്പൂതിരി മേൽശാന്തിയായി ചുമതലയേൽക്കും.
മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാണ് ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. 15 പേരാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.
ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ നറുക്കെടുത്തത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്നത് നവംബർ 15നാണ്. അന്നേ ദിവസം പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കും.