NCC Camp Foodpoison: എൻസിസി ക്യാമ്പിലെത്തി സൈനീക ഓഫീസറെ മർദ്ദിച്ചു; രണ്ട് പേർ അറസ്റ്റിൽ
Army Officer assaulted in NCC camp: കഴിഞ്ഞ 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. അറുന്നൂറോളം വരുന്ന സീനിയർ- ജൂനിയർ കേഡറ്റുകളാണ് എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ പങ്കെടുത്തത്.
കൊച്ചി: കൊച്ചി എൻസിസി ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്നുള്ള സംഘർഷത്തിൽ രണ്ട് പേർ അറസ്റ്റിൽ. എൻസിസി ഓഫീസറെ മർദ്ദിച്ചെന്ന പരാതിയിലാണ് പള്ളുരുത്തി സ്വദേശികളെ അറസ്റ്റ് ചെയ്തത്. 21 കേരള എൻസിസി ബറ്റാലിയനിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ കർണയിൽ സിംഗിനെയാണ് പ്രതികൾ ആക്രമിച്ചത്.
എൻസിസി ഓഫീസറെ ആക്രമിച്ച സംഭവത്തിൽ പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ക്യാമ്പിനെത്തിയ കേഡറ്റുകളുടെ മാതാപിതാക്കൾ ആണ്. പ്രതികളെ അവരുടെ വീടുകളിൽ നിന്നാണ് പിടികൂടിയതെന്നും, സെെനിക ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സെെനിക ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ തൃക്കാക്കര പൊലീസ് നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഡിസംബർ 24-ന് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം, ക്യാമ്പ് നടന്ന തൃക്കാക്കര കെഎംഎം കോളേജിൽ രാത്രി 11.30 ഓടെ പ്രതികൾ എത്തുകയും ക്യാമ്പ് കമാൻഡൻ്റായ കർണയിൽ സിംഗിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ALSO READ: Indian Railway: റെയിൽവേയുടെ പുതിയ ടെെംടേബിൾ നാളെ മുതൽ; കേരളത്തിനും നേട്ടം
ഭാരതീയ ന്യായസംഹിതയുടെ 329 (3), 126 (2), 351 (2), 115 (2), 118(1), 121 (1), 3(5) എന്നി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് കർണയിൽ സിംഗിനെ ഒന്നാം പ്രതി കവിളിലും കഴുത്തിലും മുതുകിലും കുത്തിയെന്നും ഇത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബ്രിഗേഡിയറുടെ നേതൃത്വത്തിലുള്ള സമിതിയെ എൻസിസി അഡീഷണൽ ഡയറക്ടർ ജനറൽ ചുമതലപ്പെടുത്തി.
🚨SHOCKING !#Kerala : Mob attacked NCC camp at night and beat up Senior Army Officer of Lt. Colonel rank on duty. No arrest despite FIR and Video evidence.
That’s the most educated state for you , ruled by leftist government! pic.twitter.com/Qhm9WKarH1
— Amitabh Chaudhary (@MithilaWaala) December 30, 2024
“>
കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. സെെനിക ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടിട്ടും പ്രതികൾക്കെതിരെ നടപടി എടുക്കാത്തതിൽ സെെനിക ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
കഴിഞ്ഞ 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. അറുന്നൂറോളം വരുന്ന സീനിയർ- ജൂനിയർ കേഡറ്റുകളാണ് എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ പങ്കെടുത്തത്. 23-ന് ഉച്ചയ്ക്ക് ക്യാമ്പിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കേഡറ്റുകൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ കളമശ്ശേരി മെഡിക്കൽ കോളേജിലും മറ്റുമായി നിരവധി വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷ ബാധയുണ്ടായെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെയാണ് ക്യാമ്പിൽ സംഘർഷമുണ്ടായത്. സംഭവത്തിന് പിന്നാലെ എൻസിസി ക്യാമ്പ് പിരിച്ചുവിടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.