‘മോന്റെടുത്ത് തീരെ നിക്കാന്‍ പറ്റുന്നില്ല, പെയിന്റിംഗ് പണി തന്നെ നോക്കണം’; അവസാനമായി അര്‍ജുന്‍ സുഹൃത്തുക്കളോട് പറഞ്ഞത്
Arjun; വളയം പിടിക്കാൻ ഏറെ ഇഷ്ടമായിരുന്നേങ്കിലും അയാനെ കണ്ടുകൊണ്ടേയിരിക്കാൻ ആ ജോലി നിര്‍ത്തണമെന്ന് അര്‍ജ്ജുന്‍ പറഞ്ഞിരുന്നതായി നിധിനും സുഹൃത്തുക്കളും ഓര്‍മിച്ചു പറയുന്നു.
രണ്ടര മാസത്തിനു ശേഷം അർജുൻ മടങ്ങിവരുകയാണ്, തന്റെ വീയർപ്പിൽ പണി തീർത്ത വീട്ടിലേക്ക്. ഇനി എന്നും അർജുൻ ആ വീട്ടിലുണ്ടാകും. അർജുൻ ആഗ്രഹിച്ചത് പോലെ മകൻ അയാന്റെ കുസൃതികള്‍ കണ്ട് ആ മണ്ണിൽ അന്തിയുറങ്ങും. ഒരു നാട് മുഴുവൻ കാത്തിരുന്നു അർജുന്റെ വരവിനായി. പക്ഷേ എത്തിയത് ചേതനയറ്റ ശരീരമായിരുന്നു. അന്ത്യവശ്രമത്തിനായി തന്റെ പ്രിയപ്പെട്ടവൻ എത്തുമ്പോൾ സുഹൃത്തും അയല്‍വാസിയുമായി നിധിന് പറയാനുള്ളത് അവസാനം അർജുനെ കണ്ട നിമിഷത്തെ പറ്റിയാണ്.
‘മോന്റെ അടുത്ത് തീരെ നിക്കാന്‍ പറ്റുന്നില്ല, ഈ പണി ഒഴിവാക്കി പഴയ പെയിന്റിംഗ് പണി തന്നെ നോക്കണം’ ലോറിയുമായി യാത്ര തുടങ്ങും മുൻപ് അവസാനമായി സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടിയപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞ വാക്കുകളാണ്. ലോറിയുടെ വളയം പിടിച്ച് കിട്ടുന്ന വരുമാനമാണ് വീടിന്റെ ഏക വരുമാനം. അതുകൊണ്ട് തന്നെ മിക്കപ്പോഴും വീട്ടിൽ അർജുൻ ഉണ്ടായിരിക്കില്ല. മകന്റെ കൂടെ നിൽക്കാൻ പറ്റാത്ത വിഷമം എന്നും അവന്റെയുള്ളിൽ ഉണ്ടായിരുന്നുവെന്ന് സുഹൃത്തും അയല്‍വാസിയുമായി നിധിന്‍ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിലൂടെയായിരുന്നു നിധിന്റെ പ്രതികരണം.
രണ്ടര വയസ്സുകാരനായ അയാന്റെ കൂടെ കുസൃതികള്‍ കളിച്ച് അർജുന് മതിയായില്ല. ലോറിയുമായി വളയം പിടിക്കുമ്പോഴും അര്‍ജുൻ കൊതിച്ചത് മകന്റെയടുത്ത് എത്താനായിരുന്നു. വളയം പിടിക്കാൻ ഏറെ ഇഷ്ടമായിരുന്നേങ്കിലും അയാനെ കണ്ടുകൊണ്ടേയിരിക്കാൻ ആ ജോലി നിര്‍ത്തണമെന്ന് അര്‍ജ്ജുന്‍ പറഞ്ഞിരുന്നതായി നിധിനും സുഹൃത്തുക്കളും ഓര്‍മിച്ചു പറയുന്നു. അവസാന നിമിഷം അർജുന്റെ ലോറി കണ്ടെത്തിയപ്പോഴും കാബിനിൽ നശിക്കാതെ കിടന്നിരുന്നത് അയാന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളായിരുന്നു.
അർജുൻ ആഗ്രഹിച്ചത് പോലെ സ്വന്തമായി ഒരു വീട് ഒരുങ്ങിയത് ഇങ്ങനെ ലോഡുമായി പോയാണ്. പെയിന്റിംഗ് ജോലി ചെയ്തിരുന്ന അർജുൻ സാമ്പത്തികമായി ഉണ്ടായ ചെറിയ ബാധ്യത തീര്‍ക്കാനായിരുന്നു വളയം പിടിച്ചത്. വീടിന്റെ മുഴുവന്‍ പെയിന്റിംഗും ചെയ്തത് അര്‍ജ്ജുനും സുഹൃത്തും കൂടിയായിരുന്നുവെന്ന് നിധിന്‍ ഓര്‍ക്കുന്നു. മകന്‍ അയാന്റെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന് എല്ലാവരും ഒരുമിച്ച് കൂടിയിരുന്നു. നിധിനാണ് അര്‍ജ്ജുനെ കാറില്‍ ഡ്രൈവിംഗ് പഠിപ്പിച്ചത്. മകനോടും കുടുംബത്തോടുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന അര്‍ജ്ജുന്‍ വലിയ പെയിന്റിംഗ് വര്‍ക്കുകള്‍ വരുമ്പോള്‍ ഏറ്റെടുക്കണമെന്ന് സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു.