Arjun Rescue Operation: അര്‍ജുനായി വീണ്ടും കാത്തിരിപ്പ്; നദിയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തി
Arjun Rescue Operation Updates: രാത്രിയിലും ഗംഗാവലി പുഴയില്‍ പരിശോധന നടത്താനാണ് തീരുമാനം. നദിയുടെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതല്‍ അല്ലെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ല. മാത്രമല്ല ലോറിയുടെ ഉള്ളില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല.
മംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തില്‍ പുതിയ വഴിതിരിവ്. ഗംഗാവലി നദിയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചു. എസ്, കാര്‍വാര്‍ എംഎല്‍എ, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നദിയുടെ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയതായി വ്യക്തമാക്കി.
എട്ട് മീറ്റര്‍ ആഴത്തിലാണ് സിഗ്നല്‍ ലഭിച്ചതെന്ന് ഇന്ദ്രബാലന്‍ പറഞ്ഞു. അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ 60 മീറ്റര്‍ അകലെ നദിയിലാണ്. ലോറിയിലുണ്ടായിരുന്ന തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിന്‍, ടവര്‍, ഡിവൈഡിങ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: IBOD: എന്താണ് ഐബോഡ്; വെള്ളത്തിനടിയിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു
രാത്രിയിലും ഗംഗാവലി പുഴയില്‍ പരിശോധന നടത്താനാണ് തീരുമാനം. നദിയുടെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതല്‍ ആണെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ല. മാത്രമല്ല ലോറിയുടെ ഉള്ളില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല. സേനകള്‍ക്ക് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് തന്നെയാണ് ഐബോഡിനും സിഗ്നല്‍ ലഭിച്ചിരിക്കുന്നതെന്നും ദൗത്യ സംഘം പറഞ്ഞു.
അതേസമയം, അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ കോഴിക്കോട് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണം നടക്കുന്നുവെന്നാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. കുടുംബം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്താണ് പ്രചാരണം നടക്കുന്നത്. ഈ രണ്ട് അക്കൗണ്ടുകള്‍ക്ക് പുറമെ ചില യൂട്യൂബ് ചാനലുകളില്‍ നിന്നും അധിക്ഷേപകരമായ വാര്‍ത്തകള്‍ പുറത്തുവന്നുവെന്ന് പരാതിയില്‍ പറയുന്നു.
Also Read: Rashtrapati Bhavan: രാഷ്ട്രപതി ഭവനിലും പേരുമാറ്റം; രണ്ട് ഹാളുകളുടെ പേര് മാറ്റി
അര്‍ജുനെ കണ്ടെത്തുന്നതിനായി സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ദിവസം നടത്തിയ പരാമര്‍ശങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. അര്‍ജുന്റെ അമ്മയുടെ പിതാവ് പട്ടാളക്കാരനായിരുന്നു. അതിനാല്‍ അന്നത്തെ തിരച്ചിലിനെ സംബന്ധിച്ച് കുടുംബം ചില ആശങ്കകള്‍ രേഖപ്പെടുത്തിയിരുന്നു. അര്‍ജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് വ്യാജ വീഡിയോകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെന്നാണ് കുടുംബം പറയുന്നത്.