Arjun Rescue Operation: രക്ഷാദൗത്യം അവസാനിപ്പിക്കരുത്, സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി
Pinarayi Vijayan Send Letter to Karnataka: അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. കര്‍ണാടക ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണം. ഉന്നതതല യോഗത്തില്‍ കൈകൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കിയില്ല. തിരച്ചിലിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
തിരുവനന്തപുരം: അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലമുണ്ടാകുന്നത് വരെ തിരച്ചില്‍ നടത്തണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തിച്ച് തിരച്ചില്‍ വീണ്ടും ആരംഭിക്കണമെന്നും കര്‍ണാടകയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കര്‍ണാടകയുടെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രി കത്തിലൂടെ നന്ദി രേഖപ്പെടുത്തി.
അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. കര്‍ണാടക ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണം. ഉന്നതതല യോഗത്തില്‍ കൈകൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കിയില്ല. തിരച്ചിലിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കാലാവസ്ഥ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ അനുകൂലമായിട്ടും തിരച്ചില്‍ നിര്‍ത്തുകയാണ്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച പ്രധാന മൂന്ന് തീരുമാനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. പാന്‍ടൂണ്‍ കൊണ്ടുവന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ ഇവര്‍ തയാറായില്ല. തഗ് ബോട്ട് കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് അതും ചെയ്തില്ല. ഇന്നലെ വരെ മീറ്റിങ്ങില്‍ ഇരുന്നപ്പോള്‍ പറയാത്ത കാര്യങ്ങളാണ് കാര്‍വാര്‍ എംഎല്‍എ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ദൗര്‍ഭാഗ്യകരമായ നിലപാടാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള തീരുമാനം മല്‍പെയും സംഘവും അറിയിച്ചത്. ഈശ്വര്‍ മല്‍പെ, നേവി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എല്ലാവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്നിച്ച് പരിശ്രമിച്ചതായി കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
നദിയിലെ നിലവിലെ അവസ്ഥയില്‍ രക്ഷാദൗത്യം നടത്തുന്നത് ഏറെ ദുഷ്‌കരമാണ്. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വര്‍ മല്‍പെ പരിശോധന നടത്തിയിരുന്നു. അതില്‍, ഒരുസ്ഥലത്ത് പുഴയുടെ അടിയില്‍ വൈദ്യുതി കേബിള്‍ മാത്രമാണ് കാണാന്‍ സാധിച്ചത്. വെള്ളത്തിനടിയില്‍ വേറെ ഒന്നും കാണാനാകുന്നില്ല, മുഴുവന്‍ മണ്ണാണ്. അതിന് മുകളില്‍ പാറയും അതിനും മുകളിലായി വന്‍മരവുമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
Also Read: Eshwar Malpe: ഉഡുപ്പിക്കാരുടെ സ്വന്തം മുള്ളന്‍കൊല്ലി വേലായുധന്‍; ആരാണ് ഈശ്വര്‍ മല്‍പെ?
പോസിറ്റിവായി എന്തെങ്കിലും സംഭവിക്കുമെന്ന് ഇതുവരെ പ്രതീക്ഷയുണ്ടായിരുന്നു. ഹൈട്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയും ചെയ്തു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടയില്‍ രക്ഷാദൗത്യം നടത്തുക ദുഷ്‌കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.