Arjun Rescue Operation: അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും; അടുത്ത മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ട്
Arjun Rescue Operation Latest Updates: നിലവിൽ മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും നേരത്തെ ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കണമെങ്കിൽ കാലാവസ്ഥ അനുകൂലമാകണം.
ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ (Arjun Rescue Operation) പതിനൊന്നാം ദിവസത്തിലേക്ക്. ട്രക്ക് കണ്ടെടുക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയുകയുള്ളൂ. നിലവിൽ മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും നേരത്തെ ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കണമെങ്കിൽ കാലാവസ്ഥ അനുകൂലമാകണം.
അതേസമയം ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാരിച്ചിരിക്കുകയാണ്. നദിക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധർ പരിശോധിക്കും. ഡൽഹിയിൽ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം കൂടുതൽ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി എട്ട് മുതൽ 10 മീറ്റർ ആഴത്തിലാണ് ട്രക്ക് നിലവിലുള്ളതെന്നാണ് കണ്ടെത്തൽ.
ALSO READ: അര്‍ജുനായി വീണ്ടും കാത്തിരിപ്പ്; നദിയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തി
കൂടാതെ കുറഞ്ഞത് അഞ്ച് മീറ്റർ ആഴത്തിൽ ക്യാബിനും ലോറിയും വേർപെടാത്ത നിലയിലാണെന്നതും കണ്ടെത്തിയിട്ടുണ്ട്. നാവിക സേനയുടെ ഡൈവർമാരുടെ സംഘത്തിന് ബോട്ടുകൾ പുഴയുടെ നടുവിൽ ഉറപ്പിച്ച് നിർത്താൻ പോലും പുഴയിലെ കനത്ത കുത്തൊഴുക്ക് കാരണം ഇന്നലെ സാധിച്ചില്ല. വ്യാപകമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പുഴയിലെ സ്ഥിതി നോക്കി മാത്രമേ അർജുന് വേണ്ടി ഡൈവർമാരെ ഇറക്കി ഉള്ള തെരച്ചിൽ നടത്താനാകൂ.
എസ്, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിൽ നദിയുടെ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയതായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ലോറിയുടെ ഉള്ളിൽ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും മേജർ ഇന്ദ്രബാലൻ അറിയിച്ചു. എന്നാൽ മഴയായതിനാൽ ഇന്നലെ രാത്രിയിൽ ഡ്രോൺ പരിശോധന നടന്നില്ല. നിലവിലെ സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് ഗംഗാവലി നദിയിൽ ഇറങ്ങാൻ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി.