Arjun Rescue Operation: ‘റോഡിലേക്ക് വീണ 90% മണ്ണും നീക്കി, ലോറിയുടെ ഒരു സൂചനയും ഇല്ല’; അർജുൻ്റെ തെരച്ചിലിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കർണാടക
Arjun Rescue Operation Updates: അർജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തിയിട്ടുണ്ട്. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയിരിക്കുന്നത്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്.
ബംഗ്ളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിൽ (Arjun Rescue Operation) വീഴ്ചയുണ്ടായിട്ടില്ലെന്ന് കർണാടക (Karnataka). റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കം ചെയ്തു. പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ലോറിയുടെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നത്. അതിനാൽ കരയിൽ ലോറി ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും കർണാടക റവന്യു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അർജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തിയിട്ടുണ്ട്. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ നടക്കുക. പ്രദേശത്ത് ഇപ്പോൾ മഴ വലിയ തോതിൽ പെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു.
ALSO READ: അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യമിറങ്ങും; തിരച്ചിലിന് ഇസ്രോയുടെ സഹായം തേടി കർണാടക
കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും. ഇന്നലെ വൈകിട്ടോടെയാണ് റഡാറിൽ നിന്നും മണ്ണിനടിയിൽ ലോഹാവശിഷ്ടത്തിൻ്റെ 70 ശതമാനമുണ്ടെന്ന സൂചന ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ചാണ് സൈന്യം ഇപ്പോൾ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തിൽ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവർത്തനം. എൻഡിആർ എഫ് പുഴയിലും തെരച്ചിൽ നടത്തിവരികയാണ്.
അതിനിടെ രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അർജുൻറെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. ആറു ദിവസമായിട്ടും അർജുനെ കണ്ടെത്താൻ ആകാത്തത് ഗുരുതര വീഴ്ച എന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്. ഇതിൻ്റെ ഭാഗമായി കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും നടന്നു. പ്രതീക്ഷ നശിക്കുകയാണെന്നും നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്നുമായിരുന്നു അർജുന്റെ കുടുംബം ഒടുവിൽ പ്രതികരിച്ചത്. തിരച്ചിലിനായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായവും കർണാടക സർക്കാർ തേടിയിരുന്നു.
അപകട സമയത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭിക്കാനുള്ള സാധ്യതയാണ് ഇസ്രോയോട് ആരാഞ്ഞത്. ഈ വിഷയത്തെപ്പറ്റി കെ സി വേണുഗോപാൽ എംപി ഇസ്രോ ചെയർമാനുമായി സംസാരിച്ചെന്നാണ് വിവരം. ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കാമെന്നുള്ള ഉറപ്പ് ചെയർമാൻ ഡോ. എസ് സോമനാഥ് നൽകുകയും ചെയ്തിരുന്നു.