Arjun Rescue Operation: അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്..; പുഴ കേന്ദ്രീകരിച്ച് സൈന്യത്തിൻ്റെ പരിശോധന
Arjun Rescue Operation Updates: പുഴയ്ക്ക് അടിയിൽ നിന്ന് ലഭിച്ച സിഗ്നലിൽ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ. തെരച്ചിലിന് കൂടുതൽ റഡാറുകൾ പ്രദേശത്ത് ഇന്നെത്തിക്കും. കരയിൽ ലോറി കണ്ടെത്താനുള്ള തിരച്ചിൽ സൈന്യം അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ അറിയിച്ചിരുന്നു.
കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ (Arjun Rescue Operation) എട്ടാം ദിവസവും തുടരും. സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് ഇന്നും രക്ഷാപ്രവർത്തനം നടക്കുക. പുഴയ്ക്ക് അടിയിൽ നിന്ന് ലഭിച്ച സിഗ്നലിൽ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ നടക്കുന്നത്. തെരച്ചിലിന് കൂടുതൽ റഡാറുകൾ പ്രദേശത്ത് ഇന്നെത്തിക്കും. കരയിൽ ലോറി കണ്ടെത്താനുള്ള തിരച്ചിൽ സൈന്യം അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ അറിയിച്ചിരുന്നു. കരയിൽ ലോറി കണ്ടെത്താനായില്ലെന്ന നിഗമനത്തിലാണ് തെരച്ചിൽ അവസാനിപ്പിച്ചത്.
ALSO READ: അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും; കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും
എസ്കവേറ്റർ എത്തിച്ച് മണ്ണ് നീക്കിയാകും ഇന്ന് പരിശോധന. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 90 ശതമാനം മണ്ണും നീക്കിയെന്നും മണ്ണിൽ ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. എന്നാൽ പിന്നീട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.
ഏഴാം ദിവസത്തെ തെരച്ചിലിലും അർജുനെ കാണാത്തതിൽ വലിയ നിരാശയിലാണ് കുടുംബം. മകനെ ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അർജുന്റെ അമ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടണൽ ദുരന്തത്തിലൊക്കെ പെട്ടവർ തിരികെയെത്തിയത് പോലെ മകൻ തിരിച്ചുവരുമെന്നാണ് ഞങ്ങൾ കരുതിയതെന്നും ആ പ്രതീക്ഷയും ഇപ്പോൾ ഇല്ലെന്നും അർജുന്റെ അമ്മ പറഞ്ഞു.