Arjun rescue: പത്താം നാൾ ദൗത്യം പൂർത്തിയായേക്കും; പുതിയ പദ്ധതികളുമായി കരസേനയും നാവിക സേനയും രംഗത്ത്
Arjun Rescue Operation Updates: നാളെ കൂടുതൽ പദ്ധതികളുമായി കരസേനയും നാവിക സേനയും രംഗത്തെത്തുമെന്നാണ് വിവരം. ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ കൂടുതൽ പദ്ധതികളുമായി കരസേനയും നാവിക സേനയും രംഗത്തെത്തുമെന്നാണ് വിവരം. ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. മൂന്നു ബോട്ടുകളിലായാണ് സംഘം ലോറിക്കരികിലെത്തിയത്. 18 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കരയിൽ നിന്നും 20 മീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത് എന്നാണ് വിവരം. ദൗത്യം നാളെ പൂർണമാകുമെന്ന് എംഎൽഎ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി. അതുവരെ മാധ്യമങ്ങൾ തടസ്സപ്പെടുത്തരുതെന്നും ഒരോ മണിക്കൂറിലും വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ – ട്രക്ക് നദിക്കടിയിലെന്ന് സ്ഥിരീകരിച്ച് മന്ത്രി
കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയാണ് എന്ന് ഉറപ്പിച്ചിട്ടുണ്ട്. അർജുനെ നാളെ ലഭിക്കുമെന്നും പ്രതീക്ഷ ഉയരുന്നുണ്ട്. കനത്ത മഴയും കാറ്റുമാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിയിൽ അങ്കോളയ്ക്ക് സമീപം ഷിരൂരിലാണ് ജൂലായ് 16-ന് രാവിലെ മണ്ണിടിച്ചിലുണ്ടായത്. തടിലോഡുമായി വന്ന അർജുൻ്റെ ലോറിയും മണ്ണിടിച്ചിലിൽ കാണാതാവുകയായിരുന്നു.
സമീപത്തെ ചായക്കടയും മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഉടമയും ഭാര്യയും കുഞ്ഞും ജോലിക്കാരുടെയും മൃതദേഹം പിന്നീട് കിട്ടിയിരുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് കാണാതായ അർജുൻ (30). ചായക്കടയുടെ ഭാഗത്തായിരുന്നു ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.