5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Mission : പ്രതിസന്ധികളിൽ തളരാതെ 71 ദിവസം നീണ്ട തിരച്ചിൽ; അർജുനെ കണ്ടെടുത്ത നാൾവഴി ഇങ്ങനെ

Arjun Rescue Misson Timeline : നീണ്ട 71 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെയും ലോറിയെയും ഗംഗാവാലിപ്പുഴയിൽ നിന്ന് കണ്ടെടുക്കുന്നത്. ജൂലായ് 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് അർജുൻ്റെ ലോറി പുഴയിൽ വീണത്. ഇടക്കിടെ തിരച്ചിൽ തടസപ്പെട്ടെങ്കിലും ഇന്ന് ലോറിയും അർജുൻ്റെ മൃതദേഹവും കണ്ടെടുക്കാനായി.

Arjun Rescue Mission : പ്രതിസന്ധികളിൽ തളരാതെ 71 ദിവസം നീണ്ട തിരച്ചിൽ; അർജുനെ കണ്ടെടുത്ത നാൾവഴി ഇങ്ങനെ
അർജുൻ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 25 Sep 2024 17:20 PM

ജൂലായ് 16നാണ് കർണാടകയിലെ ഷിരൂരിൽ വലിയ മണ്ണിടിച്ചിലുണ്ടാവുന്നത്. ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത് സങ്കടപ്പെടുത്തുന്ന ഒരു വാർത്ത എന്നതിനപ്പുറം മലയാളികളെ കാര്യമായി ബാധിക്കേണ്ടതല്ല. എന്നാൽ, ജൂലൈ 16 ചൊവ്വാഴ്ച ദേശീയപാതയിലുണ്ടായ ഉരുൾപൊട്ടലിൽ കോഴിക്കോട് സ്വദേശിയായ അർജുൻ പെട്ടിട്ടുണ്ടാവാമെന്ന റിപ്പോർട്ടുകൾ മലയാളികളുടെ ശ്രദ്ധ മുഴുവൻ ഷിരൂരിലേക്ക് തിരിച്ചു. പിന്നെ 71 ദിവസം നീണ്ട രക്ഷാപ്രവർത്തനമാണ്. ഇതിനിടയിൽ പല പ്രതിസന്ധികളുമുണ്ടായി. മോശം കാലാവസ്ഥയും കർണാടക സർക്കാരിൻ്റെ കടുംപിടുത്തവുമൊക്കെ പലപ്പോഴും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി. എന്നാൽ, അതിനെയൊക്കെ തരണം ചെയ്ത് 71ആം ദിവസം അർജുൻ്റെ മൃതദേഹവും ലോറിയും നദിയിൽ നിന്ന് കണ്ടെടുത്തു.

Also Read : Arjun Rescue Mission: ‘ഞാൻ വണ്ടിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നാണ് എല്ലാവരും പറഞ്ഞത്, എനിക്ക് വണ്ടി വേണ്ട’; കണ്ണീരോടെ മനാഫ്‌

16ന് മണ്ണിടിച്ചിലുണ്ടാവുന്നു. ലോറികൾ ഈ മണ്ണിടിച്ചിലിൽ പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നു. അതിന് ശേഷമാണ് ഇതിൽ ഒരു മലയാളി പെട്ടിരിക്കാമെന്ന റിപ്പോർട്ടുകൾ വരുന്നത്. ലോറിയുടമ മനാഫ് അപ്പോഴേക്കും അങ്കോളയിലെത്തി. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ തൻ്റെ ലോറിയിൽ തടി കയറ്റി കോഴിക്കോട് നിന്ന് കർണാടകയിലെ ബെൽഗാവിലേക്ക് പോവുകയായിരുന്നു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മണ്ണിടിച്ചിലിൽ പെട്ട മൃതദേഹങ്ങൾ ഓരോന്നായി കണ്ടെടുത്തു. അപ്പോഴും അർജുനെയും അർജുൻ്റെ ലോറിയെയും കണ്ടെത്തിയില്ല. മണ്ണിനടിയിൽ പെട്ടിരിക്കാമെന്നായിരുന്നു ആദ്യ സംശയം. പിന്നീട് ലോറി നദിയിലേക്ക് മറിഞ്ഞോ എന്ന സംശയമായി. ജൂലായ് 19നാണ് ഈ സംശയമുണ്ടാവുന്നത്. കരയിൽ മണ്ണിനടിയിലും നദിയിലും സമാന്തരമായി രക്ഷാപ്രവർത്തകർ തിരയാനാരംഭിച്ചു. 21ന് ഗംഗാവാലി പുഴയിൽ സൈന്യവും തിരച്ചിലിനെത്തി. ലോറിയിൽ നിന്ന് ലഭിച്ച ജിപിഎസ് സിഗ്നൽ ഉൾപ്പെടെ പരിഗണിച്ച് രക്ഷാപ്രവർത്തനം മുന്നോട്ടുപോയി.

ഈ ദിവസങ്ങളിൽ പ്രദേശത്ത് മഴ ശക്തമായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. റഡാർ ഡിവൈസുകളെത്തിച്ച് തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു. 21ന് ജിപിഎസ് സിഗ്നൽ ലഭിച്ച സ്ഥലത്ത്, അതായത് മണ്ണിനടിയിൽ ലോറി ഇല്ലെന്ന് തെളിഞ്ഞു. 90 ശതമാനം മണ്ണും മാറ്റിയെന്നും ലോറി കണ്ടെത്താനായില്ലെന്നും കർണാടക സർക്കാർ അറിയിച്ചത് അന്നാണ്. പിന്നാലെ കരസേന രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഗംഗാവാലി പുഴയിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. കൂടുതൽ യന്ത്രങ്ങളെത്തിച്ച് തിരച്ചിൽ ശക്തമാക്കുന്നതിനനുസരിച്ച് തിരിച്ചടികളും വർധിച്ചു. 23ന് ട്രക്ക് നദിയിലുണ്ടെന്ന് കർണ്ണാടക റവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ സ്ഥിരീകരിച്ചു. 24ന് ഇക്കാര്യം ഐഎസ്ആർഒയും സ്ഥിരീകരിച്ചു. ഡീപ് ബൂം എക്സകവേറ്റർ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. തെർമൽ സ്കാനിങ്, ഐബോഡ് തുടങ്ങിയ മാർഗങ്ങളുപയോഗിച്ച് കരസേനയും നാവികസേനയും സംയുക്തമായി തിരച്ചിൽ നടത്തി. പിന്നാലെ ഷിരൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം അസാധ്യമായി. ലോറിയിലെ ക്യാബിനിൽ അർജുൻ ഉണ്ടാവാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ജീവനോടെ അർജുനെ ലഭിക്കുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി.

ജൂലായ് 26ന് ഈശ്വർ മാല്പെ രക്ഷാപ്രവർത്തന സംഘത്തോടൊപ്പം ചേർന്നു. 28ന് മാല്പെ 20 അടി താഴ്ചയിലേക്ക് ഡൈവ് ചെയ്തെങ്കിലും ഒഴുക്ക് അധികമായതിനാൽ ഒന്നും ചെയ്യാനാവാതെ തിരികെവന്നു. ഇതോടെ രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. വരുന്ന 21 ദിവസം പ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത കല്പിക്കപ്പെട്ടതോടെ കാലാവസ്ഥ അനുയോജ്യമാണെങ്കിൽ മാത്രം തിരച്ചിൽ തുടരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഓഗസ്റ്റ് 2ന് ദേശീയപാത പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. 17 ദിവസമായി അടച്ചിട്ടിരുന്ന പാതയാണ് അന്ന് തുറന്നത്. ഗംഗാവാലിപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞതോടെ വീണ്ടും രക്ഷാപ്രവർത്തനത്തിനിറങ്ങാമെന്ന് ഈശ്വർ മാല്പെ അറിയിക്കുകയും ചെയ്തു.

Also Read : Arjun Rescue Mission: അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനിനുള്ളിൽ മൃതദേഹം

ഓഗസ്റ്റ് 13നാണ് അർജുനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചത്. അന്ന് തന്നെ പുഴയിൽ മുങ്ങിയ മാല്പെ വ്യക്തമായി എല്ലാം കാണാമെന്നറിയിച്ചു. ഇതിനിടെ മാല്പെ ലോറിയുടെ ജാക്കി മുങ്ങിയെടുത്തു. ഓഗസ്റ്റ് 17ന് തിരച്ചിൽ വീണ്ടും നിർത്തിവച്ചു. മണ്ണ് നീക്കം ചെയ്യാൻ കഴിയാത്തതിനാലായിരുന്നു തിരച്ചിൽ നിർത്തിയത്. മണ്ണ് നീക്കുന്നതിനായി ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമങ്ങൾ നീണ്ടുനീണ്ട് പോയി ഒടുവിൽ ഈ മാസം 20നാണ് തിരച്ചിലിനായി ഡ്രഡ്ജർ എത്തിയത്. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് നീക്കിത്തുടങ്ങിയതോടെ തിരച്ചിലിന് വീണ്ടും ജീവൻ വച്ചു. 21ന് ഈശ്വർ മാല്പെയും സംഘവും ലോറിയുടെ ടയറ് കണ്ടെടുത്തു. പിന്നാലെ ലോറിയുടെ പല ഭാഗങ്ങൾ മാല്പെയും സംഘവും പുറത്തെത്തിച്ചു. ഒടുവിൽ ഈ മാസം 22ന് ഈശ്വർ മാല്പെ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. കാർവാർ എസ്പിയുടെ മോശം പെരുമാറ്റത്തെ തുടർന്നാണ് അദ്ദേഹം ദൗത്യം അവസാനിപ്പിച്ച് മടങ്ങിയത്. അങ്ങനെ പറഞ്ഞെങ്കിലും പിണക്കം മാറിയെത്തിയ മാല്പെ അർജുനായി വീണ്ടും പുഴയിൽ മുങ്ങി. ഈ മാസം 23ന് വണ്ടിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയ മാല്പെ അല്പസമയം മുൻപ് ലോറിയും കണ്ടെത്തി. അർജുൻ്റെ മൃതദേഹം ലോറിയുടെ ക്യാബിനകത്തായിരുന്നു. അങ്ങനെ രണ്ട് മാസത്തിലധികം നീണ്ട തിരച്ചിലിന് പര്യവസാനം. അർജുനെ ജീവനോടെ രക്ഷിക്കാനായില്ലെങ്കിലും കുടുംബത്തിന് അന്ത്യകർമങ്ങൾ ചെയ്യാൻ ശരീരമെങ്കിലും വീണ്ടുകിട്ടി.