Arjun Rescue: അർജുനായുള്ള തിരച്ചിൽ പുനരാംഭിക്കും; ഡ്രഡ്ജർ അടുത്തയാഴ്ച്ച എത്തിക്കും
Arjun Rescue Mission Updates: നിലവിൽ ഡ്രഡ്ജർ പുഴയിലൂടെയും കടലിലൂടെയും എത്തിക്കാനുള്ള സാഹചര്യം ഇല്ലെന്നും, അടുത്തയാഴ്ച്ചയോടെ സാഹചര്യം അനുകൂലമാകുമെന്നാണ് കരുതുന്നതെന്നും ഡ്രഡ്ജർ കമ്പനി എംഡി അറിയിച്ചു. കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അങ്കോള (കർണാടക): ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഉടനെ പുനരാരംഭിക്കും. തിരച്ചിലിനായുള്ള ഡ്രഡ്ജർ അടുത്തയാഴ്ച്ച ഗോവയിൽ നിന്നും എത്തിക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഡ്രഡ്ജർ കമ്പനിയും ജില്ലാ ഭരണകൂടവും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിലാണ് ഡ്രഡ്ജർ കൊണ്ടുവരാനുള്ള തീരുമാനമായത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമായിരിക്കും ഡ്രഡ്ജർ എത്തിക്കുക.
പുഴയിൽ ഒഴുക്ക് കൂടുതലായത് കൊണ്ടുതന്നെ നിലവിൽ ഡ്രഡ്ജിങ് നടത്തുന്നതിന് സാഹചര്യം അനുകൂലമല്ല. ഡ്രഡ്ജർ കൊണ്ടുവരുന്നത് സംബന്ധിച്ച് മറ്റ് പരിശോധനകളെല്ലാം പൂർത്തിയായെന്നും ഡ്രഡ്ജിങ് കമ്പനി അറിയിച്ചു. നിലവിൽ ഡ്രഡ്ജർ പുഴയിലൂടെയും കടലിലൂടെയും എത്തിക്കാനുള്ള സാഹചര്യം ഇല്ലെന്നും, അടുത്തയാഴ്ച്ചയോടെ സാഹചര്യം അനുകൂലമാകുമെന്നാണ് കരുതുന്നതെന്നും കമ്പനി എംഡി അറിയിച്ചു. നാവികസേന വ്യാഴാഴ്ച്ച ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തിയതിൽ, വെള്ളത്തിന്റെ ഒഴുക്ക് കൂടിയതായി കണ്ടെത്തിയിരുന്നു. പ്രദേശത്തു അതിശക്തമായ മഴയുള്ളതിനാൽ പുഴയിലെ അടിയൊഴുക്കും കൂടിയിട്ടുണ്ട്. അവിടെ ഈ ആഴ്ചയും അടുത്തയാഴ്ച്ചയും കനത്ത മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഡ്രഡ്ജർ എത്തിക്കുമെന്നും ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഡ്രഡ്ജർ എത്തിക്കാനായി 96 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. അതിനുപുറമെ പുഴയിൽ ഇത് പ്രവർത്തിപ്പിക്കുന്നതിന് ചെലവ് വീണ്ടും വർദ്ധിക്കും. ഡ്രഡ്ജറിന് ഏകദേശം നാല് മീറ്റർ വരെ ആഴത്തിൽ തിരച്ചിൽ നടത്താൻ സാധിക്കും. ഈ മാസം 16- നായിരുന്നു പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് അർജുനയുള്ള തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചത്. പുഴയുടെ അടിത്തട്ടിൽ മണ്ണും കല്ലുമാണെന്നും, അത് നീക്കം ചെയ്‌താൽ മാത്രമേ തിരച്ചിൽ സാധ്യമാകൂവെന്നും നാവികസേന അറിയിച്ചിരുന്നു.