Arjun Rescue Mission : ‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ’; ഫേസ്ബുക്ക് കുറിപ്പുമായി മഞ്ജു വാര്യർ
Arjun Rescue Manju Warrier : ഗംഗാവാലി പുഴയിൽ നിന്ന് അർജുൻ്റെ മൃതദേഹം കണ്ടെടുത്തതിൽ പോസ്റ്റുമായി മഞ്ജു വാര്യർ. ജൂലായ് 16നാണ് അർജുൻ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചിൽ പെട്ട് കാണാതാവുന്നത്.
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ മൃതദേഹം കണ്ടെടുത്തതിൽ ഫേസ്ബുക്ക് കുറിപ്പുമായി മഞ്ജു വാര്യർ. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ എന്ന് അർജുൻ്റെ ചിത്രം പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചു. 71 ദിവസം നീണ്ട തിരച്ചിലിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞാണ് അർജുൻ്റെ മൃതദേഹവും ലോറിയും ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെടുത്തത്. ജൂലായ് 16നാണ് അർജുൻ ഓടിച്ചിരുന്ന ലോറി ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ടത്.
‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും.’- മഞ്ജു വാര്യർ തൻ്റെബ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കോണ്‍ടാക്ട് പോയിന്റ് രണ്ടില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. വാഹനത്തിന്റെ ക്യാബിനിനുള്ളിലായിരുന്നു അർജുൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹം. മൃതദേഹാവശിഷ്ടങ്ങള്‍ അര്‍ജുന്റേതാണെന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധനകൾ നടത്തും. ജൂലൈ പതിനാറാം തീയതി ഷിരൂരിലെ ദേശീയപാത 66ലുണ്ടായ മണ്ണിടിച്ചിലിൽ അർജുനും ലോറിയും ഒലിച്ചുപോവുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ഇടത്തെ ചായക്കടയുടെ മുന്നില്‍ നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളും മണ്ണിനടിയിൽ പെടുകയായിരുന്നു. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ തന്നെ കണ്ടെടുക്കുകയും ചെയ്തിരുന്നു.
Also Read : Arjun Rescue Mission : പ്രതിസന്ധികളിൽ തളരാതെ 71 ദിവസം നീണ്ട തിരച്ചിൽ; അർജുനെ കണ്ടെടുത്ത നാൾവഴി ഇങ്ങനെ
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ തൻ്റെ ലോറിയിൽ തടി കയറ്റി കോഴിക്കോട് നിന്ന് കർണാടകയിലെ ബെൽഗാവിലേക്ക് പോവുകയായിരുന്നു. അർജുനും ലോറിയും മണ്ണിനടിയിൽ പെട്ടിരിക്കാമെന്നായിരുന്നു ആദ്യ സംശയം. പിന്നീട് ലോറി നദിയിലേക്ക് മറിഞ്ഞിരിക്കാമെന്നായി നിഗമനം. കരസേനയും നാവികസേനയും സഹകരിച്ചാണ് തിരച്ചിൽ നടത്തിയത്. ഡീപ് ബൂം എക്സകവേറ്റർ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. തെർമൽ സ്കാനിങ്, ഐബോഡ് തുടങ്ങിയ മാർഗങ്ങളുപയോഗിച്ചും തിരച്ചിൽ നടത്തി. ഇടയ്ക്കിടെ പ്രദേശത്തുണ്ടായ മഴയും മോശം കാലാവസ്ഥയും കാരണം തിരച്ചിൽ ഇടക്കിടെ തടസപ്പെട്ടിരുന്നു.
ജൂലായ് 26ന് ഈശ്വർ മാല്പെ രക്ഷാപ്രവർത്തന സംഘത്തോടൊപ്പം ചേർന്നു. ആ സമയത്തൊക്കെ പുഴയിൽ ശക്തമായ ഒഴുക്കായിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിക്കുകയും 17 ദിവസം അടച്ചിട്ടിരുന്ന ദേശീയപാത തുറന്നുകൊടുക്കുകയും ചെയ്തു. പിന്നീട്, മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായതോടെയാണ് വീണ്ടും തിരച്ചിൽ പുനരാരംഭിച്ചത്.