Arjun Rescue : അർജുനായുള്ള തിരച്ചിൽ 9ആം ദിവസത്തിലേക്ക്; ഇന്ന് പുഴയുടെ അടിത്തട്ടിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തും
Arjun Rescue 9th Day : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ 9ആം ദിവസമായ ഇന്നും തുടരും. ഗംഗവല്ലി പുഴയുടെ അടിയിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാവും ഇന്ന് തിരച്ചിൽ.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി അർജുനായുള്ള (Arjun Rescue) തിരച്ചിൽ 9ആം ദിവസത്തിലേക്ക്. ഇന്ന് ഗംഗവല്ലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലഭിച്ച ലോഹവസ്തുവിൻ്റെ സിഗ്നൽ കേന്ദ്രീകരിച്ചാവും തിരച്ചിൽ. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിൽ എത്തിച്ചിട്ടുണ്ട്. മുൻ സൈനികോദ്യോഗസ്ഥൻ എം ഇന്ദ്രബാലൻ അടക്കമുള്ളവർ ഇന്ന് രക്ഷാദൗത്യത്തിൻ്റെ ഭാഗമാവും.
സിഗ്നൽ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിക്കും. ഇന്നലെ ഇവിടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ നീരൊഴുക്കിനെ തുടർന്ന് പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. പുഴയുടെ തീരത്തോട് ചേർന്ന്, മണ്ണിടിഞ്ഞുണ്ടായ കൂനകൾ ഒഴുക്കിക്കളയാനാണ് ശ്രമിച്ചിരുന്നത്. കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതാണ് പുഴയിലേക്കിറങ്ങുന്നത് അസാധ്യമാക്കിയത്. തുടർന്ന് പുഴയിലെ തിരച്ചിൽ നിർത്തി. ആഴത്തിൽ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും ഇവിടെ എത്തിച്ചിരുന്നു.
വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റര്‍ 120 ഉം ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാണ് പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തിയത്. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം 90 ശതമാനം മണ്ണും നീക്കിയെന്നും മണ്ണില്‍ ലോറിയുടെ സാന്നിധ്യമില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ലോറി കരയിലില്ലെന്ന് തിരച്ചിലിന് ശേഷം സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീടാണ് തിരച്ചിൽ പുഴയിലേക്ക് നീണ്ടത്.
Also Read : Arjun Rescue Operation: അർജുന്റെ ലോറിയിലുണ്ടായിരുന്ന തടികൾ ഒഴുകുന്ന ദൃശ്യം പുറത്ത്; അപ്പോൾ അർജുൻ എവിടെ?
ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അർജുന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരണമെന്നും സഹോദരി അഞ്ജു അഭ്യർത്ഥിച്ചു. ടണൽ ദുരന്തത്തിലൊക്കെ പെട്ടവർ തിരികെയെത്തിയത് പോലെ മകൻ തിരിച്ചുവരുമെന്നാണ് തങ്ങൾ കരുതിയതെന്നും ആ പ്രതീക്ഷയും ഇപ്പോൾ ഇല്ലെന്നും അർജുന്റെ അമ്മ നേരത്തെ പറഞ്ഞിരുന്നു.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) മണ്ണിച്ചിലിനെ തുടർന്ന് കാണാതായത്. ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.
മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ഉത്തര കന്നഡ കലക്ടർ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാണാതായവരുടെ കൂട്ടത്തിൽ സന്നി ഗൗഡ എന്ന സ്ത്രീയും ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ മൃതദേഹം ഇവരുടേത് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു.