P Sukumaran: ഷുക്കൂർ വധക്കേസ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ബിജെപിയിൽ ചേർന്നു
P Sukumaran: കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയായി പി സുകുമാരന്റെ ബിജെപി പ്രവേശനം മാറാനാണ് സാധ്യത.
കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾക്ക് വഴിവെച്ച അരിയിൽ ഷുക്കൂർ, ഫസൽ വധക്കേസ് കേസുകൾ അന്വേഷിച്ച മുൻ ഡിവൈഎസ്പി പി സുകുമാരൻ ബിജെപിയിൽ. 2013-ൽ കണ്ണൂരിലെ നാറാത്തിൽ ആയുധ പരിശീലനം നടത്തിയ നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതും പി സുകുമാരന്റെ നേതൃത്വത്തിലായിരുന്നു. അന്ന് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
കണ്ണൂരിലെ പാർട്ടി ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് സുകുമാരൻ അംഗത്വം സ്വീകരിച്ചത്. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുകുമാരന്റെ ബിജെപി പ്രവേശനം. കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറാനാണ് സാധ്യത.
അരിയിൽ ഷുക്കൂർ വധക്കേസ്
2012 ഫെബ്രുവരി 20 നാണ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളായ പി ജയരാജന്റെയും ടിവി രാജേഷിന്റെയും വിടുതൽ ഹർജി കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതി തള്ളിയിരുന്നു. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസി ചുമത്തിയിട്ടുള്ളത്.
തളിപ്പറമ്പ് പട്ടുവത്ത് വച്ച് സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചിരുന്നു. പിന്നീട് മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിൽ വച്ച് ഷൂക്കൂർ കൊല്ലപ്പെടുകയായിരുന്നു.
വാഹനം ആക്രമിക്കപ്പെട്ട ശേഷം സിപിഎം നേതാക്കൾ പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ കൊലപാതകത്തിന് ആസൂത്രണം ചെയ്തതെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയെ കുറിച്ച് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിപിഎം പ്രവര്‍ത്തകന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയെന്ന ആരോപണവും സുകുമാരനെതിരെ അന്നത്തെ സിപിഎം നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇടതുമുന്നണി അധികാരത്തിൽ എത്തിയതിന് പിന്നാലെ പി സുകുമാരനെ സ്ഥലം മാറ്റിയിരുന്നു.
നാറാത്ത് കേസ്
2013 ഏപ്രിൽ 23–നാണ് നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ കണ്ണൂർ നാറാത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തിൽ ആയുധ പരിശീലനം നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി (NIA) കണ്ടെത്തിയത്. പിന്നാലെ മയ്യില്‍ പൊലീസ് സ്ഥലം റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതികള്‍ ഒത്തുചേർന്നെന്നും ആയുധപരിശീലനം നടത്തിയെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ 21 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.
ഫസൽ വധക്കേസ്
2006 ഒക്ടോബര്‍ 22 നാണ് മുഹമ്മദ് ഫസല്‍ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഫസലിന് നേരെയുള്ള ആക്രമണം. രാഷ്ട്രീയ വെെരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കൊടി സുനി, സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരടക്കം എട്ടുപേർ പ്രതികളാണെന്നും സിബിഐ കണ്ടെത്തി.