'തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം'; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത് | anna sebastian Death, another employee mail about EY company work preasure leaked, details in malayalam Malayalam news - Malayalam Tv9

EY Employee Death: ‘തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം’; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്

Published: 

20 Sep 2024 10:48 AM

EY Employee Death Latest Updation: ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയർമാൻ രാജീവ് മെമാനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയിൽ സന്ദേശം. മകളുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞിരുന്നു.

EY Employee Death: തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്

അന്ന സെബാസ്റ്റ്യൻ. (Image Courtesy : Social Media)

Follow Us On

കൊച്ചി: തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച (EY Employee Death) സംഭവത്തിൽ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തുവന്നിരിക്കുന്നത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയിൽ പറയുന്നു. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു.

ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയർമാൻ രാജീവ് മെമാനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയിൽ സന്ദേശം. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് സംഭവം പുറത്തുവന്നത്.

മകളുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞിരുന്നു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾക്ക് ഇല്ല എന്ന നിലപാടിലാണ് നിലവിൽ കുടുംബം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം വ്യക്തമാക്കുന്നുണ്ട്. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ALSO READ: ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി

അമിത ജോലിഭാരം കാരണം പൂനെയിൽ ഏണസ്റ്റ് ആൻ യങ് കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കമ്പനി രം​ഗത്തെത്തിയിരുന്നു. അന്ന സെബാസ്റ്റ്യന്റെ മരണം ദുംഖകരവും തീരാനഷ്ടവുമാണെന്ന് കമ്പനി അറിയിച്ചു. എല്ലാം ജീവനക്കാർക്കും ആ​രോ​ഗ്യതകമായ തൊഴിലിടം ഒരുക്കുമെന്നും അതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും കമ്പനി അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. അന്നയുടെ മരണത്തിൽ കമ്പനിയെ കുറ്റപ്പെടുത്തി അമ്മ കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവൈ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

അന്നയുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ല. എന്നാൽ ദുരിത സമയങ്ങളിൽ ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും കമ്പനി വ്യക്തമാക്കി. അന്ന സെബാസ്റ്റ്യന്റെ ദാരുണവും അകാലത്തിലുള്ളതുമായ വേർപാടിൽ അതിയായ ദുഃഖമുണ്ടെന്നും തങ്ങളുടെ അഗാധമായ അനുശോചനം ദുഃഖിതരായ കുടുംബത്തെ അറിയിക്കുന്നുവെന്നും കത്തിൽ പറയുന്നു.

അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും സ്വീകരിക്കുന്നു. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുകയും ചെയ്യും. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള ഞങ്ങളുടെ പതിനായിരത്തോളം ജീവനക്കാർക്ക് ആരോഗ്യകരമായ ജോലിസ്ഥലം നൽകുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് തുടരുമെന്നും കത്തിൽ അവർ വ്യക്തമാക്കി.

അറിയാതെ പോലും പൂപ്പലുള്ള ബ്രെഡ് കഴിക്കല്ലേ... അപകടമാണ്
സ്റ്റിക്കര്‍ പതിപ്പിച്ച പഴങ്ങളാണോ കഴിക്കുന്നത്? ശ്രദ്ധിക്കാം...
ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ പൈനാപ്പിൾ കഴിക്കരുത്...
തടിയൊരു പ്രശ്‌നമാകില്ല, മുല്ലപ്പൂ ചായ ശീലമാക്കാം
Exit mobile version