Ankola Landslide: അര്‍ജുനെ കാത്ത് കേരളം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം വേണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ഭാര്യ
Arjun's Wife Krishna Priya send letter to PM Modi: രക്ഷാപ്രവര്‍ത്തനത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. എന്നാല്‍ തെരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് വിവരം.
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രിക്ക് കത്തയച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കൃഷ്ണപ്രിയയുടെ കത്ത്. അഞ്ച് ദിവസമായി അര്‍ജുനെ കണ്ടെത്തുന്നതിനായി നടത്തുന്ന തെരച്ചില്‍ ഫലം കാണാതെ വന്നതോടെയാണ് സൈന്യത്തെ കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. നിലവില്‍ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നല്‍ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ സിഗ്‌നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. 70% യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാം എന്നാണ് റഡാര്‍ സംഘം വ്യക്തമാക്കുന്നത്. സിഗ്നല്‍ ലഭിച്ച ഭാഗത്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്‌നല്‍ ലഭിച്ച ഈ സ്ഥലം മാര്‍ക്ക് ചെയ്താണ് മണ്ണെടുത്ത് മാറ്റുന്നത്.
Also Read:Scrub Typhus: നിപയല്ല; ചികിത്സയിലുള്ള പതിനാലുകാരന് സ്ഥിരീകരിച്ചത് ചെള്ളുപനി
എന്നാല്‍ ഇതിന് മുമ്പ് മൂന്ന് സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഇതിന് വ്യക്തതയില്ലെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്. പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരുന്നതിനാല്‍ സിഗ്നല്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് തടി ലോഡുമായി വന്ന വാഹനമാണ് ചൊവ്വാഴ്ച്ച കാണാതായത്. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് കാണാതായ അര്‍ജ്ജുന്‍. മണ്ണിച്ചില്‍ ഉണ്ടായ പ്രദേശത്ത് പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇതില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കാണാതായ മൂന്ന് പേര്‍ക്കും മലയാളി ഡ്രൈവര്‍ക്കും വേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോള്‍ തുടരുന്നത്.
ഇതില്‍ ആറ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച അഞ്ചുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയായ ഗ്യാസ് ടാങ്കര്‍ ഡ്രൈവറുമാണ്. അതേസമയം അര്‍ജ്ജുന്റെ വാഹനം സമീപത്തെ നദിയിലേക്ക് മറിഞ്ഞോ എന്നതടക്കം രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ച് വരികയാണ്. ഇതിനായി നേവിയുടെ മുങ്ങല്‍ വിദഗ്ധരും സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നിരുന്നു.