5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

അനില്‍ ആന്റണി സൂപ്പര്‍ ദല്ലാള്‍; കൂടുതല്‍ തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍

അനില്‍ ആന്റണി തന്റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിച്ചു. എന്നാല്‍ കാര്യം നടക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടു. അനില്‍ ആന്റണിയുമായുള്ള ഇടപാടിന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസും പി ജെ കുര്യനുമാണ് ഇടനിലക്കാരായി നിന്നത്.

അനില്‍ ആന്റണി സൂപ്പര്‍ ദല്ലാള്‍; കൂടുതല്‍ തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍
shiji-mk
Shiji M K | Published: 23 Apr 2024 13:23 PM

ന്യൂഡല്‍ഹി: പത്തനംതിട്ട ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെയുള്ള ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍. അനില്‍ ആന്റണി വിളിച്ച ഫോണ്‍ നമ്പറുകളും ചിത്രങ്ങളും രേഖകളും പുറത്തുവിട്ടുകൊണ്ടായിരുന്നു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നന്ദകുമാര്‍ തെളിവുകള്‍ പുറത്തുവിട്ടത്.

ആന്‍ഡ്രൂസ് ആന്റണിയാണ് അനില്‍ ആന്റണിയുടെ പുതിയ ദല്ലാള്‍. മോദിയും ആന്‍ഡ്രൂസും അനില്‍ ആന്റണിയും തമ്മിലുള്ള ഫോട്ടോയും നന്ദകുമാര്‍ പുറത്തുവിട്ടു. അനില്‍ ആന്റണി വഴി സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാനായിരുന്നു ശ്രമം. കേരള ഹൈക്കോടതിയില്‍ നിയമിക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. എന്നാല്‍ സിബിഐ ഡയറക്ടര്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിച്ചു.

ഇതിന് അനില്‍ ആന്റണി തന്റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിച്ചു. എന്നാല്‍ കാര്യം നടക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടു. അനില്‍ ആന്റണിയുമായുള്ള ഇടപാടിന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസും പി ജെ കുര്യനുമാണ് ഇടനിലക്കാരായി നിന്നത്.

അഞ്ച് ഗഡുക്കളായാണ് പണം തിരികെ തന്നത്. നാല് ഗഡു തന്ന ശേഷം അഞ്ചാമത്തെ ഗഡു തരാനാകില്ലെന്നും അത് പുതിയ ഇടനിലക്കാരനായ ആന്‍ഡ്രൂസ് ആന്റണിക്ക് നല്‍കിയ തുകയാണെന്നുമാണ് പറഞ്ഞത്. എന്നാല്‍ താന്‍ അത് സമ്മതിക്കാതെ വന്നതോടെയാണ് 25 ലക്ഷവും തിരികെ തന്നത്.

അതേസമയം, ശോഭാ സുരേന്ദ്രന്‍ തന്റെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി പറ്റിച്ചെന്നും നന്ദകുമാര്‍ ആരോപിച്ചു. ശോഭാ സുരേന്ദ്രന് പണം നല്‍കിയതിന്റെ രേഖകളും ബാങ്ക് രസീതും വാര്‍ത്താ സമ്മേളനത്തില്‍ നന്ദകുമാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ശോഭയുടെ തൃശൂരുള്ള സ്ഥലം വാങ്ങാനായിട്ട് ഡോക്യുമെന്റ് തന്നപ്പോള്‍ തന്നോട് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. അബദ്ധം പറ്റാതിരിക്കാന്‍ എസ്ബിഐ വഴിയാണ് ചെക്ക് വഴി പണം അയച്ചത്. ഡല്‍ഹി മെയിന്‍ ബ്രാഞ്ച് വഴി ആയിരുന്നു പണം അയച്ചത്. എന്നാല്‍ ഇത് തിരിച്ചുതന്നില്ല. സ്ഥലം കാണാന്‍ പോയപ്പോള്‍ തന്നെ പോലെ മറ്റ് രണ്ടുപേര്‍ക്ക് ഇതുപോലെ തന്നെ ഡോക്യുമെന്റ്‌സ് കൊടുത്ത് പണം വാങ്ങിയിട്ടുണ്ടെന്ന് മനസിലായി.

തന്നെ വിളിച്ച് താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ശോഭ പറഞ്ഞു. എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ കടം തരുമോയെന്നും ചോദിച്ചു. താനൊരു ബാങ്കല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ കയ്യില്‍ ഒരു പ്രോപ്പര്‍ട്ടിയുണ്ടെന്നും അത് പകരം എടുത്തിട്ട് പണം നല്‍കണമെന്നും പറഞ്ഞു. 2023 ജനുവരി നാലിനാണ് പണം അക്കൗണ്ട് വഴി കൊടുത്തത്.

എഗ്രിമെന്റ് വെച്ചിട്ടല്ല പണം കൊടുത്തത്. പ്രോപ്പര്‍ട്ടിയുടെ ഫോട്ടോ പതിച്ചുള്ള പുതിയ ആധാരമാണ് തന്നത്. നേരത്തെ താന്‍ പേര് വെളിപ്പെടുത്താതെ ഇരുന്നപ്പോള്‍ തന്നെ വിളിക്കുമെന്നും പണം തിരികെ നല്‍കുമെന്നും കരുതി. എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കാത്തതുകൊണ്ട് ഇപ്പോള്‍ ഇത് പറയേണ്ടി വന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.

താനൊരു പാര്‍ട്ടിയുടെയും ആളല്ലെന്നും 26ാം തീയതി താന്‍ വോട്ട് ചെയ്യാന്‍ പോലും പോകുന്നില്ലെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണിയും സുരേന്ദ്രനും താന്‍ വിഗ്രഹ മോഷ്ടാവാണെന്ന് പറഞ്ഞു. തനിക്കെതിരെ ഒരു കേസും നിലവിലില്ല. അതുകൊണ്ട് കുന്നുമ്മല്‍ സുരേന്ദ്രനും അനില്‍ ആന്റണിക്കും വക്കീന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.