Amoebic Meningoencephalitis: തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രതാനിർദേശം
Amoebic Meningoencephalitis In Kerala: രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് നിർദ്ദേശം.
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് (thiruvananthapuram) നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് ഇവരെല്ലാം. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ടെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് നിർദ്ദേശം. തിരുവനന്തപുരത്ത് ആദ്യമായാണ് അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു, തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം എന്ന് അറിയപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത പാളിയിലൂടെ മനുഷ്യശരീരത്തിൽ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് ഇടയാക്കുന്നു.
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോൾ മസ്തിഷ്‌കത്തിലെ കോശങ്ങളെ ഇത് വലയം ചെയ്യുന്നു. പിന്നീട് അവയെ വിഴുങ്ങുകയുമാണ് ചെയ്യുന്നത്. തുടർന്ന് നീർക്കെട്ട് രൂപപ്പെടുകയും ഇത് ഗുരുതരമാകുൾ ഒടുവിൽ മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാൻ ജ്വരം, നിപ പോലുള്ള രോഗങ്ങളിൽ രോഗം കൂടി അത് പിന്നീട് മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.
രോഗ ലക്ഷണങ്ങൾ
അണുബാധ ഉണ്ടായി ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. കഠിനമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.
എങ്ങനെ പ്രതിരോധിക്കാം?
- കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക.
- കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക. ഈ ബാക്ടീരിയ മൂക്കിലൂടെ പ്രവേശിക്കുന്നതിനാൽ നീന്തുമ്പോൾ നോസ് ക്ലിപ് ധരിക്കാൻ ശ്രമിക്കുക.
- വെള്ളത്തിൽ ഏറെ നേരം മുങ്ങിക്കിടക്കുന്നത് ഒഴിവാക്കുക.
- കൂടാതെ നീന്തലിനു ശേഷം വൃത്തിയായി കുളിക്കാൻ മറക്കരുത്.
- രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.