5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന്

Amoebic encephalitis In Kerala: കുട്ടി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന്
Amoebic Meningoencephalitis. (Social Media Image)
neethu-vijayan
Neethu Vijayan | Published: 26 Jul 2024 07:21 AM

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. കണ്ണൂർ (Kannur) തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു, തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം എന്ന് അറിയപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത പാളിയിലൂടെ മനുഷ്യശരീരത്തിൽ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് ഇടയാക്കുന്നു.

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോൾ മസ്തിഷ്‌കത്തിലെ കോശങ്ങളെ ഇത് വലയം ചെയ്യുന്നു. പിന്നീട് അവയെ വിഴുങ്ങുകയുമാണ് ചെയ്യുന്നത്. തുടർന്ന് നീർക്കെട്ട് രൂപപ്പെടുകയും ഇത് ഗുരുതരമാകുൾ ഒടുവിൽ മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാൻ ജ്വരം, നിപ പോലുള്ള രോഗങ്ങളിൽ രോഗം കൂടി അത് പിന്നീട് മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.

രോഗ ലക്ഷണങ്ങൾ

അണുബാധ ഉണ്ടായി ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. കഠിനമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

  •  കെട്ടികിടക്കുന്ന കുളങ്ങളിലോ കുളിക്കാൻ പോകുമ്പോൾ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ഈ രോഗത്തിനുള്ള പ്രതിരോധം.
  • കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക.
  • കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക. ഈ ബാക്ടീരിയ മൂക്കിലൂടെ പ്രവേശിക്കുന്നതിനാൽ നീന്തുമ്പോൾ നോസ് ക്ലിപ് ധരിക്കാൻ ശ്രമിക്കുക.
  • വെള്ളത്തിൽ ഏറെ നേരം മുങ്ങിക്കിടക്കുന്നത് ഒഴിവാക്കുക.
  • കൂടാതെ നീന്തലിനു ശേഷം വൃത്തിയായി കുളിക്കാൻ മറക്കരുത്.
  • രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.