K Sudhakaran: കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങുന്നു; പരിഗണനയിൽ ഈ പേരുകൾ
New KPCC President Post: ആരോഗ്യ പ്രശ്നങ്ങൾ കാരണം പ്രതീക്ഷക്കൊത്ത് ഉയരാൻ കെ സുധാകരന് കഴിഞ്ഞില്ല എന്നതാണ് പുനസംഘടനയ്ക്ക് വഴിയൊരുക്കുന്നത്.
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിർത്താനും മാറ്റാനുമുള്ള വടംവലി കോൺഗ്രസിൽ സജീവമായി നടക്കുന്നു. വി ഡി സതീശൻ വിരുദ്ധ പക്ഷത്തിന്റെ നേതാക്കൾ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് കോൺഗ്രസിലെ യുവതലമുറ നേതാക്കളുള്ളത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള നേതാക്കൾ കെപിസിസി ചുമതലകളിലേക്ക് എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും വരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭ തെരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ഉണ്ടാകാൻ ഇടയില്ലെന്ന വിലയിരുത്തലാണ് നേതൃമാറ്റത്തിന് പിന്നിൽ.
കോൺഗ്രസിന്റെ ബൂത്ത് തല പ്രവർത്തനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് തലപ്പത്ത് തന്നെ മാറ്റത്തിന് കോൺഗ്രസ് പാർട്ടി ഒരുങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം പ്രതീക്ഷക്കൊത്ത് ഉയരാൻ കെ സുധാകരന് കഴിഞ്ഞില്ല എന്നതാണ് പുനസംഘടനയ്ക്ക് വഴിയൊരുക്കുന്നത്. പുതിയ പേരുകൾക്ക് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളത്. യുവത്വവും സാമുദായിക പരിഗണനയുമാണ് മുന്നിൽ നിൽക്കുന്നത്.
സിറോ മലബാർ സഭയുമായി അടുത്ത ബന്ധമുള്ള റോജി എം ജോൺ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകളിൽ സജീവമാണ്. കെ സുധാകരൻ കെപിസിസി പ്രസഡിന്റ് ആകുമ്പോഴും റോജിയുടെ പേര് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നു.മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. പാർട്ടിയെ പുതുക്കാൻ മാത്യു കുഴൽനാടന് സാധിക്കുമെന്നാണ് അനുയായികളുടെ വിശ്വാസം. യൂത്ത് കോൺഗ്രസിനെ നയിച്ച ഡീൻ കുര്യാക്കോസും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരാണ്.
ALSO READ: പൊതുജനങ്ങളുടെ പരാതി കേൾക്കാൻ വീണ്ടും സംസ്ഥാന സർക്കാർ; താലൂക്ക് തല അദാലത്ത് ഇന്ന് മുതൽ
പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹനാൻ എന്നിവരും സാമുദായിക പരിഗണന വച്ച് ചർച്ചകളിലുണ്ട്. ഈ അഞ്ച് പേരുകളും നേതൃത്വം പരിഗണിക്കാൻ കാരണം ക്രെെസ്തവ സഭകളുമായുള്ള ബിജെപിയുടെ അടുപ്പമാണ്. നായർ സമുദായത്തിൽ നിന്നുള്ള നേതാക്കളുടെ എണ്ണം പാർട്ടിയിൽ കൂടുതലായതിനാൽ ഈഴവ പ്രതിനിധ്യം ഉറപ്പിക്കാൻ അടൂർ പ്രകാശിന്റെ പേരും പരിഗണിച്ചേക്കും. ദളിത് പ്രതിനിധ്യം മുഖ്യ പരിഗണനയായി ഉയർന്നുവന്നാൽ കൊടിക്കുന്നിൽ സുരേഷ് എന്ന പേരിലേക്കാവും നേതൃത്വം എത്തുക. അപ്പോഴും യുവാക്കളെ പരിഗണിക്കണമെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രഥമ പരിഗണനയിലുള്ള പേരുകൾ
റോജി എം ജോൺ
അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ പേരാണ് നേതൃത്വത്തിന്റെ പ്രഥമ പരിഗണയിലുള്ളത്. കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗമായ റോജി മുൻ എൻഎസ്യു (ഐ) പ്രസിഡന്റാണ്.
മാത്യു കുഴൽനാടൻ
മുവാറ്റുപുഴ എംഎൽഎയായ മാത്യു കുഴൽനാടൻ നിയമസഭയിൽ ഉൾപ്പെടെ യുവാക്കളുടെ ശബ്ദമാണ്. കെപിസിസി ജനറൽ സെക്രട്ടറി. പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് എന്നീ ചുമതലകൾ മുമ്പ് വഹിച്ചിട്ടുണ്ട്. കെഎസ് യു വെെസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് വെെസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഡീൻ കുര്യക്കോസ്
ഇടുക്കി എംപിയായ ഡീൻ കുര്യാക്കോസ് മുമ്പ് യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷനും കെഎസ് യു വെെസ് പ്രസിഡന്റുമായിരുന്നു.
ആന്റോ ആന്റണി
പത്തനംതിട്ട എംപി ആന്റോ ആന്റണി കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗമാണ്. മുൻ കോട്ടയം ഡിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബെന്നി ബെഹന്നാൻ
രണ്ടാം തവണയാണ് ചാലക്കുടിയെ പ്രതിനിധീകരിച്ച് ബെന്നി ബെഹന്നാൻ പാർലമെന്റിൽ എത്തിയിരിക്കുന്നത്. മുൻ യുഡിഎഫ് കൺവീനറും കെപിസിസി ജനറൽ സെക്രട്ടറിയുമായ അദ്ദേഹം രാഷ്ട്രീയ കാര്യ സമിതി അംഗമാണ്.