Thiruvananthapuram Ambulance Accident: തിരുവനന്തപുരത്ത് രോഗിയുമായെത്തിയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു
Ambulance Accident on MC Road Trivandrum: എംസി റോഡിലൂടെ പോകും വഴി ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ട് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.

തോട്ടിലേക്ക് മറിഞ്ഞ ആംബുലൻസ്
തിരുവനന്തപുരം: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. എംസി റോഡിൽ വെച്ചാണ് സംഭവം. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്. എംസി റോഡിലൂടെ പോകും വഴി ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ട് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.
അപകടത്തിപെട്ട സമയത്ത് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. നെടുവേലി സ്വദേശി രഞ്ജിത്, മാതാവ് അനിതകുമാരി, ഡ്രൈവർ എന്നിവരെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആർക്കും സാരമായ പരിക്കുകളില്ല. അതേസമയം, ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട ആംബുലൻസ് ഉയർത്തി.
കോട്ടയത്ത് ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു
ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മണർകാട് ഐരാറ്റുനട പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ എൻ മുഹമ്മദ് അൽത്താഫ് എന്ന 19കാരനാണ് അപകടത്തിൽ മരിച്ചത്. പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിയാണ് അൽത്താഫ്.
മണർകാട് ഐരാറ്റുനട പാലത്തിന് സമീപത്തു വെച്ച് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ആണ് അൽത്താഫ് സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിലിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൽത്താഫിനെ സമീപവാസികൾ ഉടൻ കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് പൊലീസ് അപകടസ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.