Amayizhanjan Canal : ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നതിൽ നടപടിയെടുത്തില്ല; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പൻഷൻ
Amayizhanjan Canal Health Inspector Suspended : ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നതിൽ നടപടിയെടുത്തില്ലെന്ന് കാട്ടി തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പൻഷൻ. മനപൂർവമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കെ ഗണേഷിനെ സസ്പൻഡ് ചെയ്തത്.
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നതിൽ നടപടിയെടുത്തില്ലെന്ന് കാട്ടി ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പൻഷൻ. തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ കെ ഗണേഷിനെയാണ് സസ്പൻഡ് ചെയ്തത്. ഉദ്യോഗസ്ഥൻ മനപൂർവമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.
സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യം തടഞ്ഞില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ആമയിഴഞ്ചാൻ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാനായിരുന്നു കോർപ്പറേഷൻ്റെ നിർദ്ദേശം. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന നടത്തിയ കോർപ്പറേഷൻ മാലിന്യ സംസ്കരണത്തിന് ഈ സ്ഥാപനങ്ങൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നറിയിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു സ്വകാര്യ സ്ഥാപനം ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യമൊഴുക്കി എന്നും ഹെൽത്ത് ഇൻസ്പെക്ടർ നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി കോർപ്പറേഷൻ്റെ നടപടി.
ഈ മാസം 13, ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപെടുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ പാളത്തിനടിയിലൂടെ കടന്നുപോകുന്ന കനാലിലേക്ക് ജോയി ഒഴുകിപ്പോവുകയായിരുന്നു. 48 മണിക്കൂർ നീണ്ട ദൗത്യത്തിനിടെയിലാണ് ജോയിയുടെ മൃതദേഹം കോർപറേഷന് പുറത്ത് തകരപ്പറമ്പിലെ കനാലിൽ നിന്നും കണ്ടെത്തുന്നത്.
മരിച്ച ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. ഇതിനായി തീരുമാനം മന്ത്രിസഭയോഗത്തിലെടുത്തേക്കും. കൂടാതെ ജോയിയുടെ വീട് പുനഃനിർമിച്ച് നൽകുമെന്നും വീട്ടിലേക്കുള്ള പൊളിഞ്ഞ് കിടക്കുന്ന വഴി ശരിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. ഇവയ്ക്ക് പുറമെ ജോയിയുടെ സഹോദരൻ്റെ മകന് ജോലി നൽകുമെന്നു പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രനും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു.
പഴവങ്ങാടി തകരപറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയുടെ ഭാഗത്തെ കനാലില്‍ കാണാതായ ജോയിയെ അവിടെ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. ജീര്‍ണിച്ച അവസ്ഥയിലെത്തിയ ശരീരം ബന്ധുക്കളും സുഹൃത്തുക്കളും ജോയ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.