Amayizhanjan Canal Death : ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു; കുടുംബത്തിന് 10 ലക്ഷവും വിടും നൽകുമെന്ന് സർക്കാർ
Amayizhanjan Canal Joy Death : 48 മണിക്കൂർ നീണ്ട ദൗത്യനൊടുവിലാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് ജോയിയെ തോട്ടിൽ കാണാതാകുന്നത്.
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽ പെട്ട് മരിച്ച (Amayizhanjan Canal Death) തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരൻ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. ഇന്ന് തിങ്കളാഴ്ച രാവിലെ 9.15 മണിയോടെയാണ് തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് ജോയി ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽ പെടുന്നത്. തിരുവനന്തുരം സെൻട്രൽ റെയിൽവെ സ്റ്റേഷിലെ പാളത്തിന് അടിയിലൂടെ കടന്നുപോകുന്ന കനാലിലേക്കാണ് ജോയി ഒഴുക്കിൽ പെട്ടു പോയത്. തുടർന്ന് 48 മണിക്കൂർ നീണ്ട ദൗത്യത്തിനിടെയിലാണ് ജോയിയുടെ മൃതദേഹം കോർപറേഷന് പുറത്ത് തകരപ്പറമ്പിലെ കനാലിൽ നിന്നും കണ്ടെത്തുന്നത്.
കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ
മരിച്ച ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകും. ഇതിനായി തീരുമാനം മന്ത്രിസഭയോഗത്തിലെടുത്തേക്കും. കൂടാതെ ജോയിയുടെ വീട് പുനഃനിർമിച്ച് നൽകുമെന്നും വീട്ടിലേക്കുള്ള പൊളിഞ്ഞ് കിടക്കുന്ന വഴി ശരിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. ഇവയ്ക്ക് പുറമെ ജോയിയുടെ സഹോദരൻ്റെ മകന് ജോലി നൽകുമെന്നു പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രനും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു.
മൃതദേഹം കണ്ടെത്തിയത് ആമഴിഞ്ചാൻ തോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ
പഴവങ്ങാടി തകരപറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയുടെ ഭാഗത്തെ കനാലില്‍ കാണാതായ ജോയിയെ അവിടെ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. കാണാതായി 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ജീര്‍ണിച്ച അവസ്ഥയിലെത്തിയ ശരീരം ബന്ധുക്കളും സുഹൃത്തുക്കളും ജോയ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
ഇത് മൂന്നാം ദിവസമാണ് ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയത്. നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇന്നത്തെ തിരച്ചില്‍ നടന്നത്. സേനയോടൊപ്പം സ്‌കൂബ ടീമും തിരച്ചിലിന് ഇറങ്ങി. സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ഇന്നത്തെ ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിക്കാതെ പരിശോധന അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് കോര്‍പറേഷനിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ വൃത്തിയാക്കലിനിടെ തോട്ടില്‍ കാണാതാവുന്നത്. മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.