5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amayizhanjan Canal Accident: ‘ഭരണസംവിധാനത്തിൻ്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇര’; ജോയിയുടെ മരണത്തിൽ വിമർശനവുമായി വി ഡി സതീശൻ

Amayizhanjan Canal Accident VD Satheesan : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. തമ്പാനൂർ ആമയിഴഞ്ചാൻ തടാകത്തിൽ മുങ്ങിമരിച്ച ജോയ് ഭരണസംവിധാനത്തിൻ്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണെന്ന് സതീശൻ വിമർശിച്ചു.

Amayizhanjan Canal Accident: ‘ഭരണസംവിധാനത്തിൻ്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇര’; ജോയിയുടെ മരണത്തിൽ വിമർശനവുമായി വി ഡി സതീശൻ
Amayizhanjan Canal Accident (Image Courtesy - PTI)
abdul-basith
Abdul Basith | Updated On: 16 Oct 2024 17:21 PM

തമ്പാനൂർ ആമയിഴഞ്ചാൻ തടാകത്തിൽ മുങ്ങിമരിച്ച ജോയ് ഭരണസംവിധാനത്തിൻ്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാലിന്യം നീക്കൻ ചെയ്യാൻ നേരത്തെ എന്തായിരുന്നു തടസം എന്നും പ്രതിപക്ഷ നേതാവ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അല്പസമയം മുൻപാണ് ആമയിഴഞ്ചാൻ കനാലിൽ (Amayizhanjan Canal Accident) നിന്ന് ജോയിയുടെ മൃതദേഹം കണ്ടെടുത്തത്.

പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് :

ജോയിക്ക് ആദരാഞ്ജലികള്‍.
നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്കു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടാകുക. പ്രാര്‍ഥനകളെല്ലാം വിഫലമായി.
സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ മലിനജലത്തിലേക്ക് എടുത്തു ചാടേണ്ടി വന്നത് ആ പാവത്തിന്റെ നിസഹായതയാകാം. പക്ഷെ ഭരണ സംവിധാനത്തിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് ആ മനുഷ്യന്‍.
ഒരു മനുഷ്യന്റെ തിരോധാനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം യന്ത്ര സഹായത്താല്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്തു. നേരത്തെ ഇത് ചെയ്യാന്‍ എന്തായിരുന്നു തടസം.
46 മണിക്കൂറിലധികം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ ടീം, നേവി, ശുചീകരണ തൊഴിലാളികൾ, പോലീസ്, മാധ്യമങ്ങള്‍ അങ്ങനെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവർക്കും നന്ദി.
ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത്.
എല്ലാവരുടെയും ദുഃഖത്തില്‍പങ്കുചേരുന്നു.


പഴവങ്ങാടി തകരപറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയുടെ ഭാഗത്തെ കനാലില്‍ കാണാതായ ഇയാളെ അവിടെ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. കാണാതായി 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ജീര്‍ണിച്ച അവസ്ഥയിലെത്തിയ ശരീരം ബന്ധുക്കളും സുഹൃത്തുക്കളും ജോയ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.

Also Read : Amayizhanjan Canal Accident: ജോയിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം എത്തിയത് തകരപറമ്പിന് പുറകിലെ കനാലിലേക്ക്‌

ഇത് മൂന്നാം ദിവസമാണ് ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയത്. നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇന്നത്തെ തിരച്ചില്‍ നടന്നത്. സേനയോടൊപ്പം സ്‌കൂബ ടീമും തിരച്ചിലിന് ഇറങ്ങി. സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ഇന്നത്തെ ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിക്കാതെ പരിശോധന അവസാനിപ്പിക്കുകയായിരുന്നു.

അഞ്ച് പേരടങ്ങുന്ന നേവി സംഘമാണ് പരിശോധന നടത്തിയത്. മാധ്യമങ്ങളോ ഉദ്യോഗസ്ഥരോ പരിശോധന നടക്കുന്ന ഇടത്തേക്ക് എത്തരുതെന്ന് നേവി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നേവി ഇക്കാര്യം അറിയിച്ചത്. ബ്രീഫിങ്ങിനായി രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് നേവിക്കൊപ്പമുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കോര്‍പറേഷനിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ വൃത്തിയാക്കലിനിടെ തോട്ടില്‍ കാണാതാവുന്നത്. മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.