Amayizhanjan Canal Accident: ജോയിക്കായി ടണലില്‍ ഇറങ്ങി തിരച്ചില്‍ ആരംഭിച്ചു; മാലിന്യം നീക്കാന്‍ റോബോട്ടുകളും
Started Searching for Joy in Tunnel: മൂന്നാം പ്ലാറ്റ്‌ഫോമിലെ മാന്‍ഹോള്‍ വഴി തിരച്ചില്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ ഒന്നാം പ്ലാറ്റ്‌ഫോം വഴി ടണലിലേക്ക് ഇറങ്ങി തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് എന്‍ഡിആര്‍എഫ് ടീം സ്ഥലത്തെത്തിയത്.
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാല്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിക്കായി ഇന്നും തിരച്ചില്‍. എന്‍ഡിആര്‍എഫ് ടിം, സ്‌കൂബ ടീം, ജെന്‍ റോബോട്ടിക്‌സ് ടീമിന്റെ റോബോട്ടുകള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. രാത്രി വൈകിയും തുടര്‍ന്ന രക്ഷാപ്രവര്‍ത്തനം റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ നിര്‍ത്തിവെക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ നിരവധി ട്രെയിനുകള്‍ എത്തുന്നതിനാല്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ അടക്കമുള്ള ഒരു പ്രവര്‍ത്തനവും പാടില്ലെന്ന് റെയില്‍വേ അറിയിച്ചിരുന്നു.
ഇതോടെ രാവിലെ ആറുമണിക്ക് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയായിരുന്നു. മൂന്നാം പ്ലാറ്റ്‌ഫോമിലെ മാന്‍ഹോള്‍ വഴി തിരച്ചില്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ ഒന്നാം പ്ലാറ്റ്‌ഫോം വഴി ടണലിലേക്ക് ഇറങ്ങി തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് എന്‍ഡിആര്‍എഫ് ടീം സ്ഥലത്തെത്തിയത്. ജെന്‍ റോബോട്ടിക്‌സ് ടീം മറ്റൊരു റോബോട്ടിനേയും സ്ഥലത്തെത്തിച്ചിരുന്നു.
ക്യാമറ ഘടിപ്പിച്ച് അഴുക്കുചാലിനുള്ളിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്ന ഡ്രാക്കോ റോബോട്ടിനെ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. റിഫൈനറി ടാങ്കുകള്‍ വൃത്തിയാക്കുന്നതിനായി നിര്‍മിച്ചിട്ടുള്ളവയാണ് ഡ്രാക്കോ റോബോട്ടുകള്‍. ഇതില്‍ പ്രത്യേക മാറ്റം വരുത്തിയാണ് തമ്പാനൂരില്‍ പ്രയോജനപ്പെടുത്തിയത്.
അതേസമയം, റെയില്‍വേയുടെ അനാസ്ഥ കാരണം ജോയിക്കായുള്ള തിരച്ചിലിന് തടസമുണ്ടാകുന്നുവെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. തിരച്ചില്‍ നടക്കുന്ന മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും ട്രെയിനുകള്‍ നിര്‍ത്തിയിടുകയാണ്. ഇത് പാടില്ലെന്നും തിരച്ചില്‍ നടത്താന്‍ കഴിയില്ലെന്നും റെയില്‍വേയെ അറിയിച്ചിരുന്നു. ഈ പ്ലാറ്റ്‌ഫോമുകളില്‍ ട്രെയിന്‍ നിര്‍ത്തില്ലെന്ന് കളക്ടര്‍ വിളിച്ച യോഗത്തില്‍ റെയില്‍വേ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ തികഞ്ഞ അനാസ്ഥയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് മേയര്‍ പറഞ്ഞത്.
കോര്‍പറേഷനിലെ താത്ക്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിച്ച് ജോയിക്കായുള്ള തിരച്ചില്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് മാലിന്യം നീക്കി തിരച്ചില്‍ നടത്താനായിരുന്നു ശ്രമം.
അതിനിടെ, ടണലില്‍ 40 മീറ്ററോളം അകത്തേക്ക് പോയെങ്കിലും ഫലമുണ്ടായില്ലെന്നാണ് സ്‌കൂബാസംഘം പറയുന്നത്. ടണലിനകത്ത് മുഴുവന്‍ ഇരുട്ടായതും രക്ഷപ്രവര്‍ത്തനത്തിന് തടസമായി. മുട്ടുകുത്തി നില്‍ക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ടണലിന്റെ മറുവശത്തുനിന്ന് അകത്തേക്ക് കയറാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.