Amayizhanjan Canal Accident: ജോയിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം എത്തിയത് തകരപറമ്പിന് പുറകിലെ കനാലിലേക്ക്
Joy's Dead Body Found: കാണാതായി 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ജീര്‍ണിച്ച അവസ്ഥയിലെത്തിയ ശരീരം ബന്ധുക്കളും സുഹൃത്തുക്കളും ജോയ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: തമ്പാനൂര്‍ ആമയിഴഞ്ചാല്‍ കനാലില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയുടെ ഭാഗത്തെ കനാലില്‍ കാണാതായ ഇയാളെ അവിടെ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. കാണാതായി 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ജീര്‍ണിച്ച അവസ്ഥയിലെത്തിയ ശരീരം ബന്ധുക്കളും സുഹൃത്തുക്കളും ജോയ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
ഇത് മൂന്നാം ദിവസമാണ് ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയത്. നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇന്നത്തെ തിരച്ചില്‍ നടന്നത്. സേനയോടൊപ്പം സ്‌കൂബ ടീമും തിരച്ചിലിന് ഇറങ്ങി. സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ഇന്നത്തെ ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിക്കാതെ പരിശോധന അവസാനിപ്പിക്കുകയായിരുന്നു.
Also Read: Kerala Rain Alert: അതിതീവ്ര മഴ തുടരുന്നു; 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അഞ്ച് പേരടങ്ങുന്ന നേവി സംഘമാണ് പരിശോധന നടത്തിയത്. മാധ്യമങ്ങളോ ഉദ്യോഗസ്ഥരോ പരിശോധന നടക്കുന്ന ഇടത്തേക്ക് എത്തരുതെന്ന് നേവി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നേവി ഇക്കാര്യം അറിയിച്ചത്. ബ്രീഫിങ്ങിനായി രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് നേവിക്കൊപ്പമുള്ളത്.
തടയണ കെട്ടിയുള്ള ഓപ്പറേഷന് വേണ്ടി വെള്ളം പമ്പ് ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുവെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചിരുന്നു. നേവിയുടെ നിര്‍ദേശം ലഭിച്ച ശേഷമാകും ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയെന്നും മേയര്‍ പറഞ്ഞിരുന്നു.
അതേസമയം, ജോയിയുടെ കാല്‍പ്പാദങ്ങള്‍ റോബോട്ട് ക്യാമറയില്‍ പതിഞ്ഞതായി സംശയമുണ്ടായിരുന്നു. രേക്ഷാദൗത്യം 26 മണിക്കൂര്‍ പിന്നിട്ട സമയത്താണ് ഇങ്ങനെയൊരു ദൃശ്യം ലഭിച്ചതായി വാര്‍ത്ത പരന്നത്. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മനുഷ്യ ശരീരത്തിന്റെ ചിത്രം പതിഞ്ഞതായി ഉദ്യോഗസ്ഥര്‍ സംശയിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് കോര്‍പറേഷനിലെ താല്‍ക്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ വൃത്തിയാക്കലിനിടെ തോട്ടില്‍ കാണാതാവുന്നത്. എന്നാല്‍, മാലിന്യം നിറഞ്ഞ തോട്ടില്‍ ജോയിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഏറെ പ്രയാസം നിറഞ്ഞതാണ്.
മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.