Crime News: മുൻ ഭാര്യയുമായി സൗഹൃദമെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം; കാസർകോട്ട് രണ്ട് പേർ പിടിയിൽ
Alleged Love Affair Auto Driver Stabbed: മുൻ ഭാര്യയുമായി ബന്ധമെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ യുവാവും സുഹൃത്തുമാണ് പിടിയിലായത്.
മുൻ ഭാര്യയുമായി സൗഹൃദമെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവും സുഹൃത്തും പിടിയിൽ. കാസർകോഡ് പെർവാഡ് സ്വദേശിയായ ഓട്ടോഡ്രൈവർ അബൂബക്കർ സിദ്ധീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രണ്ട് പേർ പിടിയിലായത്. ഹബീബ് എന്ന് വിളിക്കുന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. മുൻപ് കൊലക്കേസടക്കം വിവിധ കേസുകളിൽ പ്രതിയാണ് അഭിലാഷ്. കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഇവരാണ് ഇപ്പോൾ പിടിയിലായ പ്രതികൾ.
അഭിലാഷിൻ്റെ മുൻ ഭാര്യയുമായി സൗഹൃത്തിലാണെന്ന് ആരോപിച്ചാണ് ഇവരും ചേർന്ന് അബൂബക്കർ സിദ്ധീഖിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം മെഗ്രാല്‍ സ്കൂളിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ഒമിനി വാനിലെത്തിയ പ്രതികൾ അബൂബക്കറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികൾ സഞ്ചരിച്ച ഒമിനി വാനും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Also Read: Minor Rape : മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 50 വയസുകാരൻ പിടിയിൽ
2023ൽ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ 10 കേസുകളിൽ പ്രതിയാണ് പിടിയിലായ അഭിലാഷ്. ഇയാളെ കാപ്പ ചുമത്തി നേരത്തെ ജയിലിലടച്ചിരുന്നു. ഈയിടെയാണ് ജയിലിൽ നിന്ന് ഇയാൾ പുറത്തിറങ്ങിയത്. രണ്ടാം പ്രതിയായ അഹ്മദ് കബീറും മുൻപ് കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ച് വീഴ്ത്തി. പോലീസുകാരെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ബാങ്ക് കവർച്ചാ കേസ് പ്രതിയാണ് വെടിയേറ്റ് വീണത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പോലീസുകാരെയും കാലിന് വെടിയേറ്റ പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടകയിലെ ഉള്ളാൾ കൊട്ടേക്കർ സഹകരണ ബാങ്ക് കവർച്ചാ കേസ് പ്രതി കണ്ണൻ മണിയാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. കേസിൻ്റെ തെളിവെടുപ്പിനായാണ് മുംബൈ സ്വദേശിയായ കണ്ണന്‍ മണിയെ പോലീസ് കെസി റോഡിൽ എത്തിച്ചത്. തെളിവെടുപ്പ് നടക്കുന്നതിനിടെ പോലീസുകാരെ ബിയർ ബോട്ടിൽ കൊണ്ട് കുത്തിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കണ്ണൻ മണി രക്ഷപ്പെടാൻ ശ്രമം നടത്തവെ പോലീസ് മുകളിലേക്ക് വെടിയുതിർത്ത് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇത് വകവെക്കാതെ പ്രതി വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റതോടെയാണ് പോലീസ് അവസാന മാർഗം പുറത്തെടുത്തത്. പോലീസ് കണ്ണൻ മണിയുടെ കാലിൽ വെടിവച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ് നിലത്തുവീണ ഇയാളെ പിന്നീട് ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കി. ശേഷം പ്രതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉള്ളാള്‍ ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണ എച്ച്എന്‍, പോലീസ് ഉദ്യോഗസ്ഥരായ അഞ്ജനപ്പ, നിതിന്‍ എന്നിവർക്ക് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയും പോലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.