K Sudhakaran : ഒന്നര വർഷം മുൻപത്തെ കൂടോത്ര പ്രയോഗം; ഉയിര് പോകാതിരുന്നത് ഭാഗ്യമെന്ന് കെ സുധാകരൻ
KPCC President K Sudhakaran : കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത് എന്നും വിവരം പുറത്തു വരുന്നു. അതിനിടെ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും പുറത്തുവന്നതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
കണ്ണൂര്‍: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി പറയുന്ന തരത്തിലുള്ള ചർച്ചകൾ ഉയരുന്നു. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഈ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് ചില വസ്തുക്കള്‍ കണ്ടെടുത്തതായാണ് വിവരം.
എം പി യെന്ന നിലയില്‍ പോലീസ് സുരക്ഷയുള്ള ഈ വീടിന്റെ കന്നിമൂലയില്‍ നിന്നാണ് ഒരു പ്രത്യേക രൂപവും തകിടുകളും കണ്ടെത്തിയതായി പറയപ്പെടുന്നത്. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത് എന്നും വിവരം പുറത്തു വരുന്നു. അതിനിടെ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും പുറത്തുവന്നതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
ALSO READ : ഒടുവിൽ വിഴിഞ്ഞം തുറമുഖം സത്യമാകുന്നു; ആദ്യ മദര്‍ഷിപ്പ് ഈ മാസമെത്തും
സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും കെ സുധാകരൻ വീഡിയോയിൽ പറയുന്നതായി കേൾക്കാം. ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുള്ള ശബ്ദസംഭാഷണവും ഇതിനൊപ്പം കേൾക്കാം. ഇന്ദിരാ ഭവനിലെ കെ പി സി സി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്ളാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
സംഭവം വിവാദമായെങ്കിലും കെ സുധാകരന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒന്നര വർഷം മുൻപത്തെ ദൃശ്യങ്ങളാണ് ഈ വിഷയത്തിൽ ഇപ്പോൾ പുറത്തു വന്നതും പ്രചരിക്കുന്നതും. നേരത്തെയും കൂടോത്രം വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. വി.എം. സുധീരൻ കെപിസിസി അധ്യക്ഷനായിരുന്ന സമയത്താണ് ഇതിനു മുമ്പ് ഇത്തരം വിവാദം കേട്ടത്. അന്ന് കുമാരപുരത്തെ വീട്ടിൽനിന്നും ഒൻപതു തവണ കൂടോത്രം കണ്ടെത്തിയതായി സുധീരൻ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.