Alexander Jacob: കഞ്ചാവ് പിടിക്കാനിറങ്ങി, മുന്നിൽ തോക്കുധാരികൾ; അന്ന് ട്രാൻസ്ഫർ ഓർഡർ എത്തി, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്
ഒരാൾ നടന്ന് എന്റെ അടുത്തു വന്നു. സാറെ സാർ ഒരു നല്ല മനുഷ്യനാണ് ഞങ്ങൾക്കറിയാം. സാറിൻ്റെ അടുത്ത് ഒരു തോക്കേ ഉള്ളൂ ഞങ്ങൾക്ക് ഒമ്പത് തോക്കുണ്ട്.

പത്തനംതിട്ട: സംസ്ഥാനത്ത് ലഹരിക്കടത്തും അതിൻ്റ അനുബന്ധവുമായി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏതൊരു കുറ്റകൃത്യത്തിൻ്റെയും വേര് അന്വേഷിച്ചെത്തുന്നത് ലഹരി സംബന്ധിച്ച കേസുകളിലേക്കായിരിക്കും. അത്തരമൊരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് സംസ്ഥാന പോലീസിൽ നിന്നും ഡിജിപിയായി വിരമിച്ച ശ്രീ അലക്സാണ്ടർ ജേക്കബ്. തൻ്റെ ഐപിഎസ് കരിയറിൻ്റെ തുടക്കത്തിൽ ഇടുക്കിയിലുണ്ടായ സംഭവമാണ് അദ്ദേഹം ഏഷ്യാനെറ്റിൻ്റെ മെഗാ ലൈവത്തോണിൽ സംസാരിക്കവെയാണ് ഇത്തരമൊരു അനുഭവം പങ്കുവെച്ചത്.
അലക്സാണ്ടർ ജേക്കബിൻ്റെ വാക്കുകളിങ്ങനെ
ഞാൻ 1986-ൽ കട്ടപ്പന എസ്പി ആയിരുന്നു. 29 ദിവസമേ ഉള്ളൂ. അവിടെ അടുത്ത് കഞ്ചാവ് എസ്റ്റേറ്റ് ഉണ്ടെന്ന് മനസ്സിലായി. ചെറുപ്പമല്ലേ വിവരം വെച്ചിട്ടില്ല. ഞാൻ ഒരു ജീപ്പിൽ കുറേ പോലീസുകാരെയും കൂട്ടി കഞ്ചാവ് പിടിക്കാനായി പോയി. പോകുമ്പോൾ റോഡിൻ്റെ രണ്ട് സൈഡിലും മാടക്കടകളിൽ കഞ്ചാവ് ഇങ്ങനെ വിറ്റുകൊണ്ടിരിക്കയാണ്. ലൊക്കേഷൻ കിട്ടിയ കഞ്ചാവ് എസ്റ്റേറ്റിൻ്റെ റോഡിൽ വണ്ടി നിർത്തി ഞങ്ങൾ നാലു പോലീസുകാരെയും കൂട്ടി മുകളിലേക്ക് നടന്ന് കേറാൻ തുടങ്ങി. അപ്പോൾ ഒൻപത് തോക്ക്ധാരികളായ ആളുകൾ ഓരോ തട്ടിൽ നിൽക്കുകയാണ്.
അതിൽ ഒരാൾ നടന്ന് എന്റെ അടുത്തു വന്നു. സാറെ സാർ ഒരു നല്ല മനുഷ്യനാണ് ഞങ്ങൾക്കറിയാം. സാറിൻ്റെ അടുത്ത് ഒരു തോക്കേ ഉള്ളൂ ഞങ്ങൾക്ക് ഒമ്പത് തോക്കുണ്ട്. സാർ ഞങ്ങളോട് മത്സരിച്ചാൽ വിജയിക്കാൻ പറ്റുമോ? സാർ മടങ്ങി പോകണം. സാറിനോട് ഒരു കാര്യം പറയാം. സാറിൻ്റെ ട്രാൻസ്ഫർ ഓർഡർ എസ്പി ഓഫീസിൽ വന്നിരുപ്പുണ്ട്.സാർ തിരിച്ച് പോയി വാങ്ങിച്ചോണ്ട് പോണം. അന്ന് മൊബൈൽ ഫോൺ ഇല്ല.
പക്ഷേ മലയുടെ മുകളിൽ നിൽക്കുന്ന അയാൾക്ക് അങ്ങനെയൊരു കാര്യം അറിയാൻ കഴിഞ്ഞു. ഞാൻ പുറപ്പെടുമ്പോൾ ഓർഡർ ഓഫീസിൽ വന്നിട്ടില്ല. മലയുടെ മുകളിൽ നിൽക്കുന്ന അവന് എന്നെ ട്രാൻസ്ഫർ ചെയ്ത ഓർഡർ കട്ടപ്പന ഓഫീസിൽ എത്തിയെന്ന് അറിയാമായിരുന്നു. ഞങ്ങൾ മടങ്ങി താഴെ വന്ന് തങ്കമണി ഔട്ട്പോസ്റ്റിൽ ഞാൻ ഇങ്ങനെ എഴുതി, ഈ ഔട്ട്പോസ്റ്റ് കത്തി അമരുന്ന കാലം അനന്തവിദൂരം അല്ല. എന്നെ അവിടുന്ന് ട്രാൻസ്ഫർ ചെയ്തു. 21 ദിവസം കഴിഞ്ഞപ്പോൾ തങ്കമണി ഇൻസിഡൻ്റെ. ആ തങ്കമണിയിലെ ഔട്ട്പോസ്റ്റ് കത്തി ചാമ്പലായിട്ട് താഴെ വന്നു- അലക്സാണ്ടർ ജേക്കബ് പറയുന്നു.