5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuruva Gang: കുറുവ സംഘത്തിന്റേതെന്ന് പ്രചരിക്കുന്ന വീഡിയോ ‘ചഡ്ഡി ബനിയന്‍ ഗ്യാങ്ങിന്റേത്’; മുന്നറിയിപ്പുമായി പോലീസ്‌

Chaddi Baniyan Gang: മുഖംമൂടി ധരിച്ച നാലുപേര്‍ ഭാരമേറിയ വസ്തുവെറുഞ്ഞ് കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് കഴിഞ്ഞ ജൂണ്‍ ആറിലേതാണെന്ന് പോലീസ് വ്യക്തമാക്കി. ഇതുവരെ ഇങ്ങനെയൊരു സംഭവം ആലപ്പുഴയില്‍ നടന്നതായി അറിവില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Kuruva Gang: കുറുവ സംഘത്തിന്റേതെന്ന് പ്രചരിക്കുന്ന വീഡിയോ ‘ചഡ്ഡി ബനിയന്‍ ഗ്യാങ്ങിന്റേത്’; മുന്നറിയിപ്പുമായി പോലീസ്‌
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള ദൃശ്യം (Image Credits: Screengrab)
shiji-mk
SHIJI M K | Updated On: 26 Nov 2024 14:31 PM

ആലപ്പുഴ: കുറുവ സംഘമാണെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥമല്ലെന്ന് പോലീസ്. ഉത്തരേന്ത്യയില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് ആലപ്പുഴയില്‍ നിന്നുള്ളതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ചഡ്ഡി ബനിയന്‍ ഗ്യാങ് അഥവാ കച്ച ബനിയന്‍ ഗ്യാങ് എന്ന ഉത്തരേന്ത്യന്‍ മോഷണസംഘത്തിന്റേതാണ് ഈ വീഡിയോ എന്ന് പോലീസ് വ്യക്തമാക്കി. നേരിട്ട് ബോധ്യമുള്ളത് മാത്രമേ ജനങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടുള്ളൂവെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ആലപ്പുഴയില്‍ നടന്ന മോഷണമെന്ന പേരില്‍ പ്രചരിച്ച വീഡിയോ ഉള്‍പ്പെടെ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണ് ജനങ്ങള്‍ക്ക് നേരിട്ട് അറിവുള്ളതോ അനുഭവമുള്ളതോ ആയ വീഡിയോകളും വാര്‍ത്തകളും മാത്രം ഷെയര്‍ ചെയ്താല്‍ മതിയെന്ന് പോലീസ് അറിയിച്ചത്. വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കണമെന്നും പോലീസ് പറയുന്നു.

മുഖംമൂടി ധരിച്ച നാലുപേര്‍ ഭാരമേറിയ വസ്തുവെറുഞ്ഞ് കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് കഴിഞ്ഞ ജൂണ്‍ ആറിലേതാണെന്ന് പോലീസ് വ്യക്തമാക്കി. ഇതുവരെ ഇങ്ങനെയൊരു സംഭവം ആലപ്പുഴയില്‍ നടന്നതായി അറിവില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

നേരത്തെ കര്‍ണാടകയിലെ മൈസൂരുവില്‍ നടന്ന സംഭവമെന്ന പേരിലും സമാനമായ വീഡിയോ പ്രചരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നതായി കണ്ടെത്താന്‍ സാധിച്ചില്ല.

Also Read: Kuruva Gang: പകൽ നിരീക്ഷണം, രാത്രി മോഷണം; കൊല്ലാനും മടിയില്ലാത്തവർ: ആരാണ് കുറുവ സംഘം

അതേസമയം, മണ്ണഞ്ചേരിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സന്തോഷ് എന്നയാളെ പോലീസ് പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് എറണാകുളം കുണ്ടന്നൂര്‍ പാലത്തിന്റെ താഴെ താമസിച്ചിരുന്ന അന്യസംസ്ഥാന സംഘത്തെ ഒഴിപ്പിച്ചു. ഇതിന് ശേഷം സംസ്ഥാനത്ത് മോഷണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മോഷണങ്ങളുടെ അടിസ്ഥാനങ്ങളില്‍ ജനങ്ങളില്‍ ഉണ്ടായ ഭയത്തെ ആളികത്തിക്കാന്‍ സാമൂഹിക വിരുദ്ധരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകുന്നുണ്ട്. കുറുവ സംഘമെന്ന് തോന്നിക്കുന്ന വിധത്തില്‍ തലയില്‍ തോര്‍ത്തിട്ട് പ്രത്യേക രീതിയില്‍ വസ്ത്രം ധരിച്ച് കയ്യില്‍ വടിയും മറ്റ് സാധനങ്ങളുമായി ചിലര്‍ പലയിടങ്ങളിലും രാത്രിയില്‍ ഇറങ്ങി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവം കഴിഞ്ഞ ദിവസം പൊന്നാടുള്ള സിസിടിവിയില്‍ പതിഞ്ഞതായാണ് വിവരം.

എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ലഹരിമരുന്നിന് അടിമയായ ആളാണെന്ന് കണ്ടെത്തി. പ്രദേശത്തെ ചില വീട്ടുകാര്‍ ആളെ കണ്ടിരുന്നെങ്കിലും ഭയന്ന് വീടുകളില്‍ നിന്ന് ഇറങ്ങിയിരുന്നില്ല. ഇതിന് സമാനമായ സംഭവം അമ്പനാകുളങ്ങരയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണ വേഷം ധരിച്ചിരുന്നയാള്‍ നാല് വീടുകളുടെ മതില്‍ ചാടുകയും ഒരു വീടിന്റെ ജനല്‍ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇയാള്‍ നടത്തിയ അതിക്രമത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്ത് തന്നെയുള്ള ആളാണിതെന്നും ലഹരിമരുന്നിന് അടിമയാണെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് എസ് ഐ കെ ആര്‍ ബിജു പറഞ്ഞു.

അതേസമയം, മണ്ണഞ്ചേരിയിലെ മൂന്ന് വീടുകളില്‍ മോഷണവും മോഷണശ്രമവും ഉണ്ടായതിനെ തുടര്‍ന്ന് പിടികൂടിയ സന്തോഷ് ശെല്‍വത്തിന്റെ കൂട്ടുപ്രതിയെ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുകയാണ്. ഇയാളെ കുറിച്ച് ഇതുവരേക്കും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Latest News