Alappuzha Accident: കളര്‍ക്കോട് വാഹനാപകടം; ഒരു വിദ്യാര്‍ഥി കൂടി മരണത്തിന് കീഴടങ്ങി
Alappuzha Kalarcode Accident One More Student Died: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
ആലപ്പുഴ: കളര്‍കോടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു വിദ്യാര്‍ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആല്‍വിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആല്‍വിന്റെ മരണത്തോടെ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളര്‍കോട് വെച്ച് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടം സംഭവിച്ചയുടന്‍ തന്നെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പാലക്കാട് സ്വദേശി ശ്രീദിപ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവാനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് നേരത്തെ മരിച്ചത്.
വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആകെ 11 പേരായിരുന്നു കാറിലുണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമ കാണാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളും ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയില്‍ തുടരുകയാണ്.
അതേസമയം, കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷമായിരിക്കും നടപടിയെടുക്കുക എന്നാണ് ആര്‍ടിഒ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാല്‍ അയാള്‍ കുറ്റക്കാരനല്ലെന്നും കേസില്‍ നിന്നും ഒഴിവാക്കിയതായും പോലീസ് പറഞ്ഞു.
അതേസമയം, വിദ്യാര്‍ഥികള്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കിയ ഷാമില്‍ ഖാനെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുക്കും. വാഹനം വാടകയ്ക്ക് നല്‍കിയതല്ലെന്ന് ആയിരുന്നു ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വാഹനം വാടകയ്ക്ക് നല്‍കിയത് തന്നെയാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മോട്ടാര്‍വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നത്. വിദ്യാര്‍ഥികളില്‍ ഒരാളായ ഗൗരിശങ്കര്‍ ഷാമിലിന് വാടകയായ 1000 രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കിയതിന് തെളിവുണ്ട്. ഇതില്‍ വ്യക്തതവരുത്തുന്നതിന് ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ ശേഖരിക്കുമെന്ന് പോലീലും മോട്ടാര്‍വാഹന വകുപ്പും അറിയിച്ചിട്ടുണ്ട്.
കൂടാതെ, ഷാമില്‍ ഖാന് റെന്റ് ക്യാബ് ലൈസന്‍സ് ഇല്ലെന്നും വാഹനത്തിന്റെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്യുമെന്നും ആലപ്പുഴ ആര്‍ടിഒ അറിയിച്ചിട്ടുണ്ട്. ഷാമില്‍ ഖാന്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. വാഹനം ഓടിക്കാന്‍ തുടങ്ങിയത് മുതല്‍ എന്തോ കുഴപ്പമുള്ളതായി തോന്നിയതായി കാര്‍ ഓടിച്ച ഗൗരിശങ്കര്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം, വിദ്യാര്‍ഥികള്‍ വണ്ടാനത്തെ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 500 രൂപയ്ക്ക് ഇന്ധനം നിറച്ച ശേഷമാണ് ബാക്കിയുള്ള സുഹൃത്തുക്കളെ കയറ്റാനായി ഇവര്‍ പോകുന്നത്. എന്നാല്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഷാമില്‍ ഖാന്റെ വാദം.